വാക്കുതെറ്റിച്ച് കര്‍ണാടക; അതിര്‍ത്തിയില്‍ രോഗികളെ കടത്തിവിടുന്നില്ല


കാസര്‍ഗോഡ്: അതിര്‍ത്തിയില്‍ വീണ്ടും വാക്കുതെറ്റിച്ചു കര്‍ണാടകം. കേരളത്തില്‍ നിന്നു രോഗികളുമായി എത്തിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. തലപ്പാടി ചെക്‌പോസ്റ്റില്‍ മെഡിക്കല്‍ സംഘത്തെ നിയമിക്കുമെന്ന വാക്ക് പാലിച്ചില്ല.

ചരക്കുവണ്ടികളും അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിര്‍ത്തിയില്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം തുടരുകയാണ്. അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക ഒരു ശ്രമവും നടത്തുന്നില്ലെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷറഫ് പറഞ്ഞു.

എന്നാല്‍ അതിര്‍ത്തി തുറക്കാനുള്ള ഒരു ഉത്തരവും കിട്ടിയിട്ടില്ലെന്നാണ് കര്‍ണാടക പൊലീസിന്റെ പ്രതികരണം. അതിര്‍ത്തിയിലെ പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നത്.

കേരള ഹൈക്കോടതി വിധിക്കെതിരേ കര്‍ണാടക നല്‍കിയ ഹര്‍ജി ഇന്നു സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കേരളം ഇന്നലെ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

വിദഗ്ധചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് അതിര്‍ത്തിയില്‍ ഇന്നലേയും ഒരാള്‍ മരിച്ചിരുന്നു. കടമ്പാര്‍ സ്വദേശിനി കമലയാണ് മരിച്ചത്. അതിര്‍ത്തിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കമലയുടെ ജീവന്‍ രക്ഷിക്കാനായില്ല. 11 പേരാണ് കാസര്‍ഗോഡ് ജില്ലയില്‍ വിദഗ്ധചികിത്സ കിട്ടാതെ ഇതുവരെ മരിച്ചത്.