ജെ.ഡി.എസ്-ബി.എസ്.പി സഖ്യം തിരിച്ചടിയാകില്ല: സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും ബി.എസ്.പിയും സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യത്ത് ബാങ്ക് തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. തട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്യുന്ന മോദി ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ അടുത്തേക്ക് വരാന്‍ പോലും മോദി ഭയപ്പെടുന്നു. സത്യത്തെ മറച്ചുപിടിച്ചാണ് കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ആരോപണങ്ങളുന്നയിക്കുന്നത്. നീരവ് മോദിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ബംഗളൂരുവില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ യുവാവിനെ ആക്രമിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തെറ്റ് ആര് ചെയ്താലും തെറ്റാണെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.