കര്‍ണാടകയില്‍ അങ്കം കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍: സിദ്ധരാമയ്യയെ പ്രതിരോധിക്കാന്‍ നട്ടം തിരിഞ്ഞ് അമിത്ഷാ

ബെംഗളൂരു : കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താന്‍ കച്ചക്കെടിയിറങ്ങുമ്പോള്‍ കൈവിട്ട സംസ്ഥാനം തിരികെ പിടിക്കുകയും ഒപ്പം ദക്ഷിണേന്ത്യയില്‍ ഒരിടത്ത് എങ്കിലും വീണ്ടും അധികാരത്തിലേറുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി കര്‍ണാടകയില്‍ പോരാട്ടത്തിനിറങ്ങുന്നത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ മുഖാമുഖം പോരടിക്കുന്ന തെരഞ്ഞെടുപ്പ് എന്ന സവിശേഷതയും കര്‍ണാടകയെ ശ്രദ്ധേയമാക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുന്തമുന. ഒരുകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോലും സിദ്ധരാമയ്യയുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പോലും സിദ്ധരാമയ്യയുടെ മുകളില്‍ അമിത ആത്മവിശ്വാസത്തിലാണ്. പലപ്പോഴും ബി.ജെ.പി അജണ്ട നിര്‍ണയിക്കുകയും മറ്റുള്ളവര്‍ അതിനോട് പ്രതികരിക്കുകയുമാണ് ചെയ്യാറുള്ളതെങ്കില്‍ കര്‍ണാടകയില്‍ നേരെ തിരിച്ചാണ്. സിദ്ധരാമയ്യ നിര്‍ണയിക്കുന്ന അജണ്ടകളെ പ്രതിരോധിക്കാന്‍ ബി.ജെ.പി നേതൃത്വം നട്ടം തിരിയുകയാണ്. ലിംഗായത് സമുദായത്തിന് മതപദവി നല്‍കിയത് സിദ്ധരാമയ്യയിലെ രാഷ്ട്രീയ തന്ത്രജ്ഞന്റെ മികവിന് ഉത്തമ ഉദാഹരണമാണ്. മതപദവി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ വെട്ടിലായത് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറുമാണ്.

അതേസമയം കര്‍ണാടകയില്‍ സിദ്ധരാമയ്യയെ താഴെയിറക്കാന്‍ ഏതറ്റംവരേയും അമിത് ഷാ പോകും. ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ബി.ജെ.പി നേരിട്ടത്. എന്നാല്‍ സംസ്ഥാനത്ത് പാര്‍ട്ടി പിന്നാക്കം പോയിയെന്ന വാര്‍ത്തകള്‍ക്കിടെ രജ്യസഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ ഒമ്പതു സീറ്റും നേടിക്കൊടുത്ത് അമിത് ഷാ ഒരിക്കല്‍കൂടി കരുത്തുകാണിച്ചു. ഉപതെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പിയോടാണ് ബി.ജെ.പി തോല്‍വി സമ്മതിച്ചെങ്കില്‍ അതേപാളയത്തില്‍ രണ്ടു എല്‍.എം.എമാരുടെ മറുകണ്ടം ചാട്ടിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പതാമത്തെ സീറ്റ് അമിത് ഷാ പാര്‍ട്ടിക്ക് നേടിക്കൊടുത്തത്. രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഊര്‍ജ്ജം കര്‍ണാടകയിലേക്ക് ഒഴുക്കാനാണ് അമിത്ഷാ അണികളോട് നിര്‍ദ്ദേശിച്ചത്. നേരത്തെ ആന്ധ്രാപ്രദേശിന് പ്രതേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എന്‍ഡിഎ വിട്ടത്തോടെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി സംപ്യൂജരായി. ഉത്തരേന്ത്യയിലെ ഒടുമിക്ക സംസ്ഥാനങ്ങളിലും അധികാരം നേടുമ്പോഴും ദക്ഷിണേന്ത്യയില്‍ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ ഇതുവരെ പാര്‍ട്ടിക്കായിട്ടില്ല. എന്നാല്‍ കര്‍ണാടകയില്‍ വീണ്ടും താമര വിരിയിച്ചാല്‍ ഈ ദുഷ്‌പേര് തത്ക്കാലം മായ്ച്ചുകളയാം എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി

കര്‍ണാടകയിലെ എറ്റവും വലിയ വിഭാഗമാണു ദലിതര്‍. ജനസംഖ്യയുടെ 20 ശതമാനത്തോളം വരുമിത്. പതിനാറു ശതമാനമാണ് മുസ് ലിം വിഭാഗം ഇരുവരുടേയും വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ വലിയതോതില്‍ സ്വാധിനിക്കും. ദേവെഗൗഡയുടെ ജെഡിഎസാണ് മത്സരംഗത്തെ മൂന്നാമന്‍.ദേവെഗൗഡ. ബിഎസ്പിയുമായി സഖ്യത്തിലാകാന്‍ ദെവെഗൗഡ ശ്രമമാരംഭിച്ചിരുന്നു. ദലിത് സ്വാധീന മേഖലകളിലെ 20 സീറ്റില്‍ ബിഎസ്പിയെ മത്സരിപ്പിക്കാനും ധാരണയുണ്ട്. സംസ്ഥാനത്തെ ദലിത് വോട്ടുകള്‍ സമാഹരിക്കാന്‍ ബിഎസ്പിക്കു സാധിക്കുമെന്നാണു വിലയിരുത്തല്‍.