കര്‍ണാടകയില്‍ ശക്തമായ പോളിങ്; യെദ്യൂരപ്പക്ക് സമനില തെറ്റിയതായി സിദ്ധരാമയ്യ

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണുവില്‍ മകന്‍ ഡോ. യോഗേന്ദ്ര സിദ്ധരാമയ്യക്കൊപ്പം വോട്ട് രേഖപ്പെടുത്തി പുറത്തുവരുന്നു

ബംഗളൂരു: ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കാടിളക്കിയുള്ള നേതാക്കളുടെ പടയോട്ടത്തിനുമൊടുവിലാണ് കര്‍ണാടക ഇന്ന് ബൂത്തിലെത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം വോട്ടിംഗ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍. തലസ്ഥാന നഗരമായ ബംഗളൂരുവിലാണ് ഏറ്റവും കുറഞ്ഞ പോളിങായ 40 ശതമാനം രേഖപ്പെടുത്തിയത്. രാമനഗരത്തിലാണ് 64 ശതമാനത്തോടെ ഏറ്റവും കൂടിയ വോട്ടിങ് രേഖപ്പെടുത്തിയത്.

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.45 ശതമാനമായിരുന്നു വോട്ടിങ്. അതേസമയം കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയുടെ ശരാശരി വോട്ടിങ് ശതമാനം 67.1 ആണ്.

 


അതിനിടെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യ വരുണുവില്‍ മകന്‍ ഡോ. യോഗേന്ദ്ര സിദ്ധരാമയ്യക്കൊപ്പം വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നത് ഉറപ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് ജയിക്കുന്നതില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് സമനില തെറ്റിയതായും കോണ്‍ഗ്രസ് 120ലധികം സീറ്റുകള്‍ നേടുമെന്നും
അദ്ദേഹം പറഞ്ഞു.


കര്‍ണാടകയിലെ വോട്ടര്‍മാര്‍ എല്ലായ്‌പ്പോഴും രാഷ്ട്രീയ പക്വത കാണിക്കുന്നവരാണെന്ന്. രാജ്യം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന മാറ്റത്തിന്റെ തുടക്കമാവും അത്. സമഗ്രവും സമാധാനപരവുമായ കര്‍ണ്ണാടകക്കായി വോട്ട് ചെയ്യാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ദക്ഷിണേന്ത്യയില്‍ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഏറെ ദേശീയ പ്രാധാന്യമുളളതാണ് കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരിട്ട് ഏറ്റുമുട്ടിയ പ്രചാരണ പോരാട്ടത്തിനൊടുവിലാണ് ഇന്നത്തെ വോട്ടെടുപ്പ്. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എന്നപോലെ ബിജെപിക്കും മോദിക്കും അതീവ നിര്‍ണായകമാവും മെയ് 15ന് കര്‍ണാടക നല്‍കുന്ന ഫലം.

അടുത്ത അഞ്ചു വര്‍ഷം സംസ്ഥാനം ആരു ഭരിക്കണമെന്ന് വിധിയെഴുതുന്ന നിര്‍ണായക ജനവിധിക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 225 അംഗ സഭയില്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒരു അംഗത്തെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നതാണ്. ജയനഗര്‍ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി.എന്‍ വിജയകുമാറിന്റെ മരണത്തെതുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. വ്യാജ വോട്ടര്‍ ഐ.ഡികള്‍ കൂട്ടത്തോടെ പിടികൂടിയ സംഭവത്തില്‍ ആര്‍.ആര്‍ മണ്ഡലത്തിലെ വോട്ടെടുപ്പുകൂടി ഇന്നലെ മാറ്റിവെച്ചിട്ടുണ്ട്. കാലത്ത് ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടത്തുന്ന വോട്ടെടുപ്പില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പാക്കുന്നതിന് വി.വി.പാറ്റ് രസീതുമുണ്ടാകും. 4.9 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 2.5 കോടി പുരുഷന്മാരും 2.4 കോടി സ്ത്രീകളും 4552 ഭിന്ന ലിംഗക്കാരും.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്‍ണാടക 2019ലെ പൊതു തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റൈസറായിക്കൂടിയായാണ് കാണുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍. എച്ച്.ഡി കുമാരസ്വാമിയാണ് ജെ.ഡി.യുവിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

തെരഞ്ഞെടുപ്പിനു മുമ്പെ നടന്ന അഭിപ്രായ സര്‍വേകളെല്ലാം കോണ്‍ഗ്രസിന് അനുകൂലമാണ്. മെയ് 15നാണ് വോട്ടെണ്ണല്‍.