ജനവിധിക്ക് കാതോര്‍ത്ത് കന്നഡ മണ്ണ്

സ്വന്തംലേഖകന്‍

ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം. കര്‍ണാടകയില്‍ 30 ജില്ലകളാണുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ആറു മേഖലകളായാണ് തിരിച്ചത്. 1.ഹൈദരാബാദ് കര്‍ണാടക, 2. ബോംബെ കര്‍ണാടക, 3. മധ്യകര്‍ണാടക, 4. തീരദേശ കര്‍ണാടക, 5. ദക്ഷിണ കര്‍ണാടക അഥവ പഴയ മൈസൂരു മേഖല, 6. ബംഗളൂരു മേഖല.
നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയുടെ വിവിധ മേഖലകള്‍ വ്യത്യസ്ഥ രീതിയിലാണ് നാളിതുവരെ വോട്ടു രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും ഉര്‍ദു സഹാറയുടെ ബംഗളൂരു ബ്യൂറോ ചീഫുമായ സിദ്ധീഖ് പറയുന്നു. ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് അടിയന്തരാവസ്ഥക്കു ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ചിക്മംഗളൂര്‍ ഉപതെരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ അഭിപ്രായം.

കര്‍ണാടകയുടെ ആറുമേഖലകളുടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ചിത്രം ഇങ്ങനെ:

ഹൈദരാബാദ് കര്‍ണാടക

ഈ മേഖലയില്‍ 40 നിയമസഭാ സീറ്റുകളാണുള്ളത്. ലിംഗായത്ത്, ഒ.ബി.സി വിഭാഗക്കാര്‍ ഈ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ്. 2013ല്‍ കോണ്‍ഗ്രസിന് മേഖലയില്‍ നിന്നും 35 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 17ഉം, ജെ.ഡി.എസിന് 16ഉം, കെ.ജെ.പിക്ക് 14 ശതമാനം വോട്ടുകളും ലഭിച്ചു. 2013ല്‍ ബി.ജെ.പി, കെ.ജെ.പി പാര്‍ട്ടികള്‍ നേടിയ വോട്ടുകള്‍ ചേര്‍ത്താല്‍ 31 ശതമാനം വരും. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ അവസ്ഥ നാടകീയമായി മാറിയിരുന്നു. യെദ്യൂരപ്പ കെ. ജെ.പി വിട്ട് ബി.ജെ.പിയിലേക്കു തന്നെ തിരിച്ചെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47ശതമാനം വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് 45 ശതമാനം വോട്ടു നേടിയപ്പോള്‍ ജെ.ഡി.എസിന്റെ വോട്ടു വിഹിതം നിയമസഭാ തെരഞ്ഞെടുപ്പിലെ 16ല്‍ നിന്നും രണ്ട് ശതമാനമായി കൂപ്പുകുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേഖലയില്‍ ബി.ജെ.പിക്ക് 23 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 17 മണ്ഡലങ്ങളിലും മേല്‍ക്കൈ ഉണ്ട്.

ബോംബെ കര്‍ണാടക

ഈ മേഖലയില്‍ 50 നിയമസഭാ മണ്ഡലങ്ങളാണുളളത്. 2013ല്‍ കോണ്‍ഗ്രസ് 30 ഇടങ്ങളില്‍ വിജയിച്ചപ്പോള്‍ 15ഇടത്തായിരുന്നു ബി.ജെ.പി വിജയിച്ചത്. ജെ.ഡി. എസ് ഒരിടത്തു മാത്രമാണ് വിജയിച്ചത്. ഒരു സീറ്റില്‍ യെദ്യൂരപ്പയുടെ കെ.ജെ.പിയും ജയിച്ചു. മറ്റുള്ളവര്‍ മൂന്നിടത്തും വിജയം നേടി. 38 ശതമാനം വോട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത്. ബി. ജെ.പി 27, ജെ.ഡി.എസ് 11, കെ.ജെ. പി 10 ശതമാനം എന്നിങ്ങനെയായിരുന്നു മറ്റു പാര്‍ട്ടികള്‍ നേടിയ വോട്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് മേഖലയില്‍ മുന്‍തൂക്കം. 51 ശതമാനം വോട്ടുകള്‍ ബി.ജെ. പി നേടിയപ്പോള്‍ കോണ്‍ഗ്രസ് 43 ശതമാനവും നേടി. ലോകസഭാ തെരഞ്ഞെടുപ്പ് അടിസഥാനത്തില്‍ ബി.ജെ. പിക്ക് 39 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 11 ഇടത്തുമാണ് ലീഡ്.

തീരദേശ കര്‍ണാടക

19നിയമസഭാ മണ്ഡലങ്ങളാണ് കോസ്റ്റല്‍ കര്‍ണാടക മേഖലയിലുള്ളത്. 2013ല്‍ കോണ്‍ഗ്രസ് 13 സീറ്റുകള്‍ നേടിയപ്പോള്‍, ബി.ജെ. പിക്ക് മൂന്നു സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് 43 ശതമാനം വോട്ടും ബി.ജെ.പി 34 ശതമാനം വോട്ടും നേടി. ജെ.ഡി.എസിന് ഒമ്പത് ശതമാനം വോട്ടാണ് മേഖലയില്‍ നിന്നും ലഭിച്ചത്. കെ.ജെ. പി മൂന്നു ശതമാനവും നേടി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 55 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 41 ശതമാനത്തിലേക്കുതാണു. ജെ.ഡി.എസ് 0.3 ശതമാനമായി ദുര്‍ബലമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രീതി അനുസരിച്ച് ബി.ജെ.പിക്ക് 17 ഇടത്തും കോണ്‍ഗ്രസിന് രണ്ടിടത്തുമാണ് ലീഡ്.

മധ്യ കര്‍ണാടക

26 മണ്ഡലങ്ങളാണ് മധ്യകര്‍ണാടകയില്‍ ഉള്‍പ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ.പി 46 ശതമാനം വോട്ടും കോണ്‍ഗ്രസ് 37 ശതമാനം വോട്ടുമാണ് നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കെ.ജെ. പി പാര്‍ട്ടികള്‍ നേടിയത് 33 ശതമാനമാണ്. 2013ല്‍ കോണ്‍ഗ്രസ് 15 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ ജെ.ഡി.എസ് ആറും, ബി.ജെ.പി നാലും സീറ്റാണ് നേടിയത്. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയതു വഴി മേഖലയില്‍ ബി.ജെ.പി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്.

ദക്ഷിണ കര്‍ണാടക

ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ ഈ മേഖലയിലാണുള്ളത്. 57 എണ്ണം. 2013ല്‍ കോണ്‍ഗ്രസ് 26ഉം, ജെ.ഡി.എസ് 25 ഉം ബി.ജെ.പി മൂന്ന് സീറ്റുകളുമാണ് നേടിയത്. 38 ശതമാനം വോട്ട് കോണ്‍ഗ്രസിനും 34 ശതമാനം ജെ.ഡി.എസിനും ലഭിച്ചപ്പോള്‍, ബി.ജെ.പിക്ക് എട്ടു ശതമാനം വോട്ടാണ് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി 42 ശതമാനം വോട്ട് നേടി. ലോക്‌സഭാ വോട്ടിങിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് 34 ഇടത്ത് ലീഡുണ്ട്. ബി.ജെ. പിക്ക് കാര്യമായ സ്വാധീനമില്ലാത്ത മേഖലയായ പഴയ മൈസൂരു വില്‍ ജെ.ഡി.എസ് ബി.ജെ.പിയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരി ഉള്‍പ്പെടെ ബി.ജെ.പി-ജെ. ഡി.എസ് സഖ്യം പരസ്യമായ രഹസ്യമാണ്.

ബംഗളൂരു മേഖല

32 സീറ്റുകളാണ് ബംഗളൂരു മേഖലയിലുള്ളത്. ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, ബ്രിഹന്‍ ബംഗളൂരു മെട്രോപൊളിറ്റന്‍ (ബി.ബി.എം.പി) നോര്‍ത്ത്, ബി. ബി.എം.പി സൗത്ത്, ബി.ബി.എം. പി സെന്‍ട്രല്‍ എന്നിങ്ങനെ വ്യാപിച്ചു കിടക്കുകയാണ്. ലോക്‌സഭാ യിലേക്ക്ബി.ജെ.പിയെ സഹായിക്കുന്നതാണ് പതിവ് രീതി. 2014ല്‍ 53 ശതമാനം വോട്ടു നേടി ബി. ജെ.പി മേഖലയില്‍ ഒന്നാമതെത്തിയിരുന്നു. 24 മണ്ഡലങ്ങളില്‍ ബി. ജെ.പിക്കാണ് ലീഡ്. കോണ്‍ഗ്രസിന് എട്ടിടത്തും. 6 ശതമാനം വോട്ടു നേടിയ ജെ.ഡി.എസിന് ഒരു മണ്ഡലത്തിലും ലീഡില്ല. കഴിഞ്ഞ തവണ 15 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ബി.ജെ.പി 12 ഇടത്തും ജെ.ഡി.എസ് അഞ്ചിടത്തും ജയിച്ചു. ചിക്‌പേട്ട് പോലുള്ള മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ മത്സര രംഗത്തുള്ളത് ബി.ജെ.പിക്ക് സഹായകരമാവും. കോണ്‍ഗ്രസിനുള്ള ന്യൂനപക്ഷ വോട്ടുകള്‍ മാത്രമാണ് എസ്.ഡി. പി.ഐക്ക് ഇവിടെ സമാഹരിക്കാന്‍ കഴിയുക.