കര്‍ണ്ണാടക തെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി മായാവതി; മൗനം തുടര്‍ന്ന് ശരത്പവാറും ഉവൈസിയും

ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്സുമായി സഹകരിക്കാന്‍ കൈകോര്‍ത്ത് ബി.എസ്.പി നേതാവ് മായാവതി. ബാംഗളൂരുവില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ജെ.ഡി.എസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡക്കൊപ്പം മായാവതിയും വേദി പങ്കിട്ടു. കര്‍ണ്ണാടകയിലെ 224 മണ്ഡലങ്ങളില്‍ 21 സീറ്റുകളില്‍ ബി.എസ്.പിക്ക് മത്സരിക്കാന്‍ അവസരം നല്‍കുമെന്ന് ഗൗഡ ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും കനത്ത പ്രഹരം നല്‍കാനാണ് മായാവതിയുടെ നീക്കം.

മായാവതിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ദളിത് വോട്ടുകള്‍ പിടിച്ചെടുക്കുന്നതിലൂടെ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് മായാവതിയെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദം. ലോക്‌സഭയിലേക്കുള്ള ഗോരഖ്പൂരിലേയും ഫുല്‍പൂരിലേയും ഉപതെരഞ്ഞെടുപ്പുകളിലെ വിജയം മായാവതിയില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യശത്രുവെന്നും കോണ്‍ഗ്രസ്സല്ലെന്നും ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മായാവതി വ്യക്തമാക്കിയിരുന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരണമെന്നാണ് മായാവതി ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ അവര്‍ നിശബ്ദയായിരിക്കുന്നതെന്നും പ്രൊഫസര്‍ സി നരസിംഹപ്പ പറഞ്ഞു. തുടര്‍ന്നാണ് മായാവതി നിലപാട് വ്യക്തമാക്കുന്നത്.

അതേസമയം, മായാവതി നിലപാട് വ്യക്തമാക്കിയെങ്കിലും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിയും എന്‍.സി.പി നേതാവ് ശരത്പവാറും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ, ഇരുവരും ദേവഗൗഡയുമായി ചര്‍ച്ച നടത്തിയിരുന്നു. ഉത്തരകര്‍ണ്ണാടകയില്‍ ഒവൈസി 50 സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാല്‍ ശരത്പവാര്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ ഗൗഡ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസിനും ബിജെപിക്കും അഭിമാനപോരാട്ടമാണ് കര്‍ണാടകയിലേത്. 2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. മെയ് 12നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.