ബാംഗളൂരു: രാജ്യത്ത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിക്കുമ്പോഴും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ ഉണ്ടെന്ന് വ്യക്തമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 35 കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ പണിതിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബംഗ്ലാദേശില്‍ നിന്നെത്തിയ കുടിയേറ്റക്കാരായ ബാബുല്‍ ഖാന്‍, താനിയ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 35 കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുണ്ട്. വിവിധ രാജ്യങ്ങളിലെ 866 പേര്‍ക്കെതിരെ 612 കേസുകള്‍ വിദേശി നിയമത്തിലും മറ്റ് നിയമങ്ങളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ ഓരോ ക്യാമ്പുകളിലേക്കും മാറ്റുമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. ബെംഗളൂരുവിലെ തടങ്കല്‍ കേന്ദ്രത്തെക്കുറിച്ച് കോടതി ചോദിച്ചപ്പോള്‍, ദൊഡബല്ലാപുരയിലെ ദേവരാജ് ഉര്‍സ് ഭവന്‍ ആണെന്നും സുരക്ഷാ കാരണങ്ങളാല്‍ നഗരത്തിന് പുറത്തുള്ള ഒരു കേന്ദ്രം തിരിച്ചറിഞ്ഞതായും എസ്പിപി സമര്‍പ്പിച്ചു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഇന്നലെ രാംലീല മൈതാനത്ത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പൗരത്വ നിയമം പീഡിതരുടെ ഉന്നമനത്തിനായാണ്. ജനങ്ങളുടെ നല്ല ഭാവിക്കായാണ് പൗരത്വനിയമ ഭേദഗതി. ഇത് എല്ലാവരുടെയും വിശ്വാസത്തിനായി ശ്രമിക്കുന്ന സര്‍ക്കാരാണ്. പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നു. നുണകളില്‍ വീണുപോകരുതെന്നും പറഞ്ഞു.
സര്‍ക്കാരിന് ആരോടും പക്ഷപാതമില്ല. പ്രതിപക്ഷം പാര്‍ലമെന്റിനെ ബഹുമാനിക്കണം. വികസന പദ്ധതികളില്‍ ആരോടെങ്കിലും മതം ചോദിച്ചിട്ടുണ്ടോ?. വികസന പദ്ധതി നടപ്പാക്കിയപ്പോള്‍ ഹിന്ദുവാണോ മുസ്‌ലിം ആണോ എന്നത് ആരെങ്കിലും ചോദിച്ചുവോയെന്നും മോദി പ്രസംഗത്തില്‍ ചോദിച്ചു. ആരുടെയും ഒരവകാശവും എടുത്തുകളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിന്റെ പേരില്‍ പലരും മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കോളനികളിലെ ജനങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കിയപ്പോള്‍ ആരെങ്കിലും അവരോട് മതം ചോദിച്ചോ? രേഖകളുടെ പേര് പറഞ്ഞു മുസ്ലിങ്ങളെ ഭീതിപ്പെടുത്തുന്നത് എന്തിനാണെന്നും പ്രധാനമന്ത്രി ചോദിച്ചു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്റെ കോലം കത്തിച്ചോളുവെന്നും ദരിദ്രന്റെ മുതല്‍ കത്തിക്കരുത്. ബിജെപി സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ ‘നിങ്ങള്‍ അമ്പലത്തില്‍ പോകുന്നവരാണോ പള്ളിയില്‍ പോകുന്നവരാണോ’ എന്ന് ചോദിച്ചില്ലെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഈ രാജ്യത്തിന്റെ മക്കളാണ്. വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പൗരത്വനിയമം വായിച്ചു നോക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുസ്ലിങ്ങളെ പ്രകോപിപ്പിക്കാന്‍ കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും ശ്രമിക്കുന്നു. അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. നരേന്ദ്ര മോദി ആരുടെയും ഒരു അവകാശവും എടുത്തു കളയാന്‍ പോകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വനിയമം മൂലം ഒറ്റ ഇന്ത്യക്കാരനും പൗരത്വം നഷ്ടമാകില്ല. പൗരത്വ നിയമഭേദഗതിയോ എന്‍ ആര്‍ സിയോ ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കില്ല. അഭയാര്‍ഥികളായി എത്തുന്ന ന്യൂനപക്ഷക്കാരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടത് മന്‍മോഹന്‍ സിംഗ് ആണ്. ഉന്നതരായ നേതാക്കള്‍ പോലും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.