കര്‍ണ്ണാടക: വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച്ച നടക്കും

ബാംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വ്യാഴാഴ്ച്ച നിയസഭയില്‍ വിശ്വാസ വോട്ടു തേടും. ഇന്നു ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച്ച രാവിലെ പതിനൊന്നിന് വിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചത്. പതിനാറ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുന്നത്.

നിയമസഭയില്‍ മുഖ്യമന്ത്രി തന്നെയാണ് വിശ്വാസ വോട്ടു തേടുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുള്ള സമയം നിശ്ചയിക്കാന്‍ കുമാരസ്വാമി സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു. ഭരണസഖ്യത്തിലെ പതിനാറ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിക്കുകയും രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. സഭയില്‍ 101 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ഭരണപക്ഷത്തിനുള്ളത്. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ലെങ്കിലും ഇവര്‍ സഭയില്‍ എത്താതെ വിട്ടുനിന്നാല്‍ ഭൂരിപക്ഷത്തിനു വേണ്ട അംഗബലം 105ലേക്കു താഴും. 105 പേരുടെ പിന്തുണ ബിജെപിക്ക് ഇപ്പോള്‍ കര്‍ണാടക നിയമസഭയിലുണ്ട്.