കര്‍ണ്ണാടകയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സി.പി.എം; കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ സി.പി.ഐ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.എം. സംസ്ഥാനത്തെ 26 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന നിലപാടിലാണ് സി.പി.ഐ.

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലാണ് സി.പി.എം മത്സരിച്ചത്. അന്ന് ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ലഭിച്ചത് 68,775 വോട്ടുകള്‍. ഒരു സീറ്റില്‍ പോലും വിജയിക്കാനുമായില്ല. സി.പി.ഐ്ക്കും വോട്ട് ഒരു ശതമാനത്തില്‍ കുറവായിരുന്നു, സീറ്റൊന്നും ലഭിച്ചതുമില്ല. എട്ട് സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ലഭിച്ചത് 25,450 (0.08 ശതമാനം) വോട്ടുകളാണ്.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. മെയ് 12 നാണ് വോട്ടെടുപ്പ്. 15 ന് ഫലപ്രഖ്യാപനവും.

ഇതുവരെ വന്ന അഭിപ്രായസര്‍വെകള്‍ പ്രകാരം കെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും. ഏറ്റവും ഒടുവില്‍ വന്ന സീവോട്ടര്‍ സര്‍വെ കോണ്‍ഗ്രസിന് 126 സീറ്റുകളും 46 ശതമാനം വോട്ടുകളുമാണ് പ്രവചിക്കുന്നത്. അധികാരത്തിലേക്ക് തിരിച്ച് വരാന്‍ ശ്രമിക്കുന്ന ബിജെപിക്ക് 70 സീറ്റുകളാണ് പ്രവചിക്കുന്നത്.