കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിനു രണ്ടു ദിവസം അവശേഷിക്കെ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാമനഗര മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ അനിത കുമാരസ്വാമിക്കെതിരെ മത്സരിക്കുന്ന എല്‍ ചന്ദ്രശേഖര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്.

ബി.ജെ.പി നേതാക്കള്‍ തനിക്കു വേണ്ടി മണ്ഡലത്തില്‍ പ്രചാരണത്തിന് വരാത്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി വിടുന്നതെന്ന് സ്ഥാനാര്‍ഥി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഡി.കെ സുരേഷില്‍ നിന്നും ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുകയായിരുന്നു.

ജെ.ഡി.എസിന്റെ ഉറച്ച കോട്ടയായ രാമനാഗരായില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമി ആയിരുന്നു വിജയിച്ചത്. ചന്നപ്പട്ടണയില്‍ നിന്ന് കൂടി ജനവിധി തേടിയ കുമാരസ്വാമി ചന്നപട്ടണ നിലനിര്‍ത്തി രാമാനഗരയിലെ എം.എല്‍.എ സ്ഥാനം രാജി വെക്കുകയായിരുന്നു.