താനാളൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്നും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട താനാളൂര്‍ ഓകെ പാറയിലെ പുളിക്കിയത്ത് അഷ്റഫിന് തന്റെ ജീവിതത്തില്‍ ഞെട്ടലുണ്ടാക്കിയ രണ്ടാമത്തെ സംഭവമാണ്. 2018 ഓഗസ്റ്റ് 15ന് തന്റെ 10 വയസ്സായ ഏക മകന് അപകടത്തില്‍പ്പെട്ട് മരണപ്പെട്ടതാണ് ഒന്നാമതായി ജീവിതത്തില്‍ ഞെട്ടലുണ്ടാക്കിയത്. ഫുജൈറയിലായിരുന്ന അഷ്റഫ് മരണവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. അഞ്ചുമാസം കഴിഞ്ഞാണ് ഗള്‍ഫിലേക്ക് തിരിച്ചത്.
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പിന്നിലെ സീറ്റിലായിരുന്നു താന്‍ എന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഘോരമായ ശബ്ദം കേട്ടതോടെ ആഘാതത്താല്‍ അര മണിക്കൂര്‍ സമയം ബോധരഹിതനായെന്നും സീറ്റില്‍ നിന്നും തെറിച്ചുവീണെന്നും അഷ്റഫ് പറഞ്ഞു. 1985 മുതല്‍ 35 വര്‍ഷക്കാലമായി പ്രവാസജീവിതം നയിച്ച് ജോലി ഒഴിവാക്കി നാട്ടിലേക്ക് തിരിച്ച തനിക്ക്, തന്റെ സഹയാത്രികരില്‍ പലരും മരിക്കുകയും ഒട്ടേറെപേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ താന്‍ രക്ഷപ്പെട്ടത് ദൈവാനുഗ്രഹമാണെന്ന് പറഞ്ഞു.
കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ നിന്നും വിട്ട് വീട്ടിലേക്ക് തിരിച്ചു വന്നിട്ടും വേദനിപ്പിക്കുന്ന അപകടത്തിന്റെ നേര്‍സാക്ഷ്യത്തിന്റെ ഞെട്ടലില്‍ നിന്നും അഷ്റഫ് മോചിതനായിട്ടില്ല. ചിതറിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്നതില്‍ നാട്ടുകാര്‍ കാണിച്ച ആത്മാര്‍ത്ഥതയ്ക്ക് പകരം വെക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും കെ എം സി സി യുടെയും സേവന ങ്ങള് വിലമതിക്കാത്തതാണെന്നും അഷ്റഫ് പറഞ്ഞു.