കോഴിക്കോട്: അപകടത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വിസ് പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.
കരിപ്പൂരിലിറങ്ങേണ്ട വിമാനം താല്‍ക്കാലികമായി കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്. 16 മണിക്കൂറിന് ശേഷമാണ് സര്‍വ്വീസ് പുനരാരംഭിച്ചത്. അപകടത്തില്‍പ്പെട്ട വിമാനം ദിശ തെറ്റിച്ചാണ് പൈലറ്റ് ഇറക്കിയതെന്ന് എ.ടി.സി പ്രാഥമിക റിപ്പോര്‍ടില്‍ പറഞ്ഞിരുന്നു. സാധാരണ കാറ്റിന് എതിര് ദിശയില്‍ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാന്‍ഡ് ചെയ്യിച്ചത്. ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗത കൂടിയെന്നും റിപ്പോര്‍ടില്‍ പറയുന്നു.

റണ്‍വേയുടെ മധ്യഭാഗത്താണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ പൈലറ്റ് എന്ജിന് ഓഫ് ചെയ്തതും വിപരീത ഫലമുണ്ടാക്കി. ഇത് ടെയ്ല് വിന്‍ഡ് പ്രതിഭാസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി വിവിധ ആശുപത്രികളില്‍ 149 പേരാണ് ചികിത്സയിലുള്ളത്. 18 പേരാണ് മരിച്ചത്. 23 പേര് വീട്ടിലേക്ക് മടങ്ങി.