മുന്നിട്ടിറങ്ങി കൊണ്ടോട്ടിക്കാര്‍; കടലുണ്ടി ദുരന്തത്തെ ഓര്‍മ്മിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം

Chicku Irshad

കോഴിക്കോട്: പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മംഗലാപുരം വിമാന അപകടവുമായി സാമ്യമുള്ളതാണ് കോഴിക്കോട്ടെ അപകടവും. റണ്‍വേ കഴിഞ്ഞ് ഗര്‍ത്തങ്ങളുള്ള ടേബിള്‍ ടോപ്പ് വിമാനത്താവളമായ മംഗലാപുരത്തുണ്ടായ അപകടത്തില്‍ ആറു ജീവനക്കാരടക്കം 158 പേര്‍ വെന്തുമരിക്കുകയാണുണ്ടായത്. എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. റണ്‍വേയില്‍ വിമാനം ഇറങ്ങാന്‍ വൈകിയതും പൈലറ്റ് ഉറങ്ങിപ്പോയെന്നുമുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളുമാണ് മംഗലാപുരത്തെ അപകടകാരണമായി കണക്കാക്കുന്നത്. അതേസമയം, 2860 മീറ്ററിലധികം നീളമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ കനത്ത മഴയില്‍ റണ്‍വേ സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്തുന്നതില്‍ വന്ന പിഴവന്നതും വിമാനം തെന്നിയതുമാണ് കോഴിക്കോട്ടെ അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍, കോവിഡ് കാലത്ത് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 184 യാത്രക്കാരും ആറ് ജീവനക്കാരുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പെട്ടപ്പോള്‍ തീപ്പിടിക്കാതിരുന്നത് വലിയ ദുരന്തമാണ് ഒഴുവാക്കിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരുള്‍പ്പെടെ 18 പേരാണ് ഇതുവരെ മരണപ്പെട്ടത്. പരിക്കേറ്റ 149 പേരില്‍ 23 പേരുടെ നില ഗുരതരമാണ്. കുഞ്ഞടക്കം 23 പേര്‍ വീടുകളിലേക്ക് മടങ്ങി.

കോവിഡ് മഹാമാരിയുടെ കാലത്ത് ആഗസ്ത് 07ന് കനത്ത മഴക്കിടെ രാത്രി ഏഴരയോടെ കോഴിക്കോട് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലുണ്ടായ അപകടം എന്തുകൊണ്ടും രക്ഷാപ്രവര്‍ത്തനം കൊണ്ടാവും അറിയപ്പെടുക. റെണ്‍വേവിട്ട് 35 അടി താഴേക്ക് പതിച്ച വിമാനം മൂന്നായി പിളര്‍ന്നിരുന്നു. എന്നാല്‍ ആളുകളെ രക്ഷപ്പെടുത്തുന്നതില്‍ അത്ഭുതപ്പെടുത്ത രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് മലപ്പുറം കൊണ്ടോട്ടി മേഖലയിലുള്ള നാട്ടുകാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഏതു സമയത്തും പൊട്ടിത്തറിക്കാന്‍ സാധ്യതയുള്ള വിമാനത്തിലേക്ക് സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് മനുഷ്യര്‍ ഒടിയെത്തിയത്.

കോവിഡ് മഹാമാരിക്കിടെ പി.പി.ഇ കിറ്റും ഫെയ്‌സ് ഷെല്‍ട്ടറും ധരിച്ച് ക്വാറന്റൈന് ഒരുങ്ങിയെത്തിയ ദുബൈയില്‍ നിന്നെത്തിയ വിമാന യാത്രക്കാരെ ആംബുലന്‍സിന് പോലും കാത്തു നില്‍ക്കാതെ കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാനാണ് ആളുകള്‍ ശ്രമിച്ചത്. സംഭവിച്ചെതെന്തന്നറിയാത്ത മുന്‍പരിചയമില്ലാത്ത ഒരപകടത്തിലേക്കാണ് രക്ഷാപ്രവര്‍ത്തകര്‍ എടുത്തുചാടിയത്. അപകടത്തില്‍പ്പെട്ട ആളുകളെ മുഖംനോക്കാത്തെ വാരിയെടുത്ത് ഓട്ടോയിലും കാറിലും ലോറിയിലും വരെ ഹോസ്പിറ്റലില്‍ എത്തിച്ചവര്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുന്നൂറോളം ആളുകളെയാണ് പുറത്തെത്തിച്ചത്. വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച് രക്ഷകര്‍ത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേല്‍പ്പിക്കുകകൂടി ചെയ്യുന്ന രീതിയിലായിരുന്നു കോവിഡ് ഭയത്തില്‍ കണ്ടെന്‍മെന്റ് സോണില്‍ നില്‍ക്കുന്ന മലപ്പുറം കൊണ്ടോട്ടിക്കാരുടെ പ്രവര്‍ത്തനം. ഇതിനിടെ പ്രദേശത്തെ റോഡുകളില്‍ നിന്നും മറ്റുവാഹനങ്ങളെ തടഞ്ഞ് രക്ഷാദൗത്യത്തിലെ വാഹനങ്ങള്‍ക്കായി ഒരുക്കുകയുമുണ്ടായി.

ഫോട്ടോ പി മുസ്തഫ

പത്തൊമ്പത് വര്‍ഷം മുന്നേ ഇതേയൊരു മഴക്കാലത്ത് കേരളത്തെ ഞെട്ടിച്ച കടലുണ്ടി തീവണ്ടിയപകടത്തെ അനുസ്മരപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് കരിപ്പൂരും ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ 2001 ജൂണ്‍ 22-ന് മദ്രാസ് മെയില്‍ (മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് (6602)) കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോള്‍ പാലം പൊളിയുകയും 3 ബോഗികള്‍ പുഴയിലേക്ക് മറിയുകയും ചെയ്തായിരുന്നു കടലുണ്ടി തീവണ്ടിയപകടം. കോഴിക്കോട് റെയില്‍വേ സ്‌റേഷനില്‍ നിന്നും വൈകുന്നേരം 4:45 നു പുറപ്പെട്ട മെയില്‍ വൈകി അഞ്ച് മണിയോടെ മഴക്കാലത്ത് അതും വേലിയേറ്റ സമയത്താണ് കടലുണ്ടി പാലത്തിന് മുകളില്‍ നിന്നും പാളം തെറ്റി അഴിമുഖ ഭാഗത്തെ പുഴയിലേക്ക് വീണത്. പാലത്തില്‍നിന്ന് മൂന്ന് ബോഗികളാണ് പുഴയിലേക്ക് മറിഞ്ഞത്. ഇവയില്‍ രണ്ടെണ്ണം പാലത്തിനും പുഴയ്ക്കുമിടയില്‍ തൂങ്ങിനിന്നു. പാലം പൊളിഞ്ഞതിനൊപ്പം ഒരു തൂണും തകര്‍ന്നിരുന്നു. ഫസ്റ്റ് ക്‌ളാസ് കംപാര്‍ട്ടുമെന്റുകളായ എഫ് 4, എഫ് 5, എഫ് 7 എന്നിവയും ഒരു ജനറല്‍ കമ്പാര്‍ട്ടുമെന്റും, സ്ത്രീകളുടെ കംപാര്‍ട്ടുമെന്റുമാണ് വെള്ളത്തിനടിയിലായത്.

കടലുണ്ടി തീവണ്ടിയപകടത്തിന് ഇന്ന് പത്തൊമ്പത് ആണ്ട് : ‘കാപാത്ത് അയ്യാ...’  ഉദയന്റെ ചെവിയിൽ മുഴങ്ങുന്നു

എന്നാല്‍, കടലുണ്ടി റെയില്‍വേ സ്റ്റേഷന് വിളിപ്പാടകലെ നിന്നിരുന്ന നാട്ടുകാര്‍ ശബദംകേട്ട ഭാഗത്തേക്ക് ഓടിയെത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കകമാണ് രക്ഷാപ്രവര്‍ത്തകരായി ആളുകള്‍ പാളത്തിലൂടെ പുഴയിലേക്കെത്തി പാലത്തിലും വെള്ളത്തിലുമായി തൂങ്ങിക്കിടക്കുന്ന ബോഗികളില്‍നിന്നുളള കൂട്ട നിലവിളിക്ക് സഹായമായെത്തിയത്. തൂങ്ങിക്കിടന്ന വണ്ടിക്ക് മുകളിലൂടെ വെള്ളത്തിലകപ്പെട്ട ബോഗിയിലേക്കിറങ്ങിയനാട്ടുകാര്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ബോഗികളുടെ ശുചിമുറിക്കുള്ളിലും സീറ്റുകള്‍ക്കടിയിലുമെല്ലാം കുരുങ്ങി പ്രാണരക്ഷാര്‍ഥം വാവിടുന്നവരെ കരയ്ക്ക് കയറ്റാനുള്ള ശ്രമമായിരുന്നു പിന്നീട്. നിമിഷ നേരത്തിനകം രക്ഷാപ്രവര്‍ത്തനത്തിന് ഔദ്യോഗിക പ്രവര്‍ത്തരെത്തുംമുന്നേ ആയിരങ്ങളെത്തി. ചുറ്റുപാടും ചെറുതും വലുതുമായ തോണികളില്‍ കടലുണ്ടിപ്പുഴയിലെ തൊഴിലാളികളും മീന്‍പ്പിടുത്തക്കാരും എത്തി. ചകിരിത്തൊഴിലാളികള്‍, ക്ലബുകളില്‍ കളിച്ചിരിക്കുന്നവര്‍ വിദ്യാര്‍ഥികളുള്‍പ്പെടെ പ്രായഭേദമില്ലാതെ എല്ലാവരും ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. നിരവധി പേരെ വെള്ളത്തില്‍നിന്ന് തപ്പിയെടുത്ത് വഞ്ചികളില്‍ കയറ്റി കരയിലെത്തിച്ചു. കടലുണ്ടിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള എല്ലാ സഞ്ചാര മാര്‍ഗങ്ങളും അപകട സ്ഥലത്തുനിന്നുള്ളവരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കു മാത്രമായ പരിമിതപ്പെടുത്തിയാണ് നാടൊന്നിച്ചത്. എന്നാല്‍ അപകടത്തില്‍ 52 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഒപ്പം 222 പേര്‍ക്ക് പരിക്കേറ്റിരുന്നു. പെരുമണ്‍ തീവണ്ടി ദുരന്തം കഴിഞ്ഞാല്‍ കേരളത്തില്‍ നടന്ന രണ്ടാമത്തെ വലിയ തീവണ്ടി അപകടമായിരുന്നു കടലുണ്ടിയിലേത്. 

കടലുണ്ടി ട്രെയിന്‍ ദുരന്തം 20 വര്‍ഷത്തിലേക്ക് കടക്കുമ്പോളാണ് 2020 ല്‍ കരിപ്പൂരിലെ വിമാനപകടം നടക്കുന്നത്. നാടിന്റെ ഒരുമയും സഹജീവി സ്‌നേഹവുമാണ് വലിയ ദുരന്തത്തില്‍ ജീവഹാനി കുറയ്ക്കാനായതെന്ന് കടലുണ്ടി ദുരിതകാലത്ത് വലിയ വാര്‍ത്തയായിരുന്നു. കൈകളില്‍ കിടന്നുള്ള ജീവന്റെ അവസാന തുടിപ്പ് ഓര്‍ക്കുന്ന നിരവധി രക്ഷാപ്രവര്‍ത്തരാണ് ഇന്നും കടലുണ്ടിയിലുണ്ട്.

അതേസമയം, മംഗലാപുരത്ത് എയര്‍പോര്‍ട്ടും കടന്ന് കാട്ടില്‍ വിമാനം വീഴുമ്പോള്‍ അത് പല കഷ്ണങ്ങളായിരുന്നു. ചിറകുകള്‍ അപകടത്തുടക്കത്തിലും വാല്‍ പിന്നീടും ഇളകിത്തെറിച്ചു. വിമാനത്തിനു തീ പിടിച്ചു. 2010 മേയ് 22ന് ആണ് മംഗലാപുരത്ത് അപകടമുണ്ടായത്.

മുസ്‌ലിം ലീഗ് നേതാക്കളും എംഎല്‍എമാരും കരിപ്പൂര്‍ വിമാനപകട സ്ഥലം സന്ദര്‍ശിച്ച് മടങ്ങുന്നു

ഇതില്‍നിന്നും വ്യത്യസ്തമായി, കോഴിക്കോട് വിമാനത്തിന്റെ മുന്‍ഭാഗമാണു തകര്‍ന്നത്. അപകടമറിഞ്ഞ് ഒരുമിനിറ്റ് പോലും മടിച്ച് നില്‍ക്കാതെ എയര്‍പോര്‍ട്ട് ഗൈറ്റും കടന്ന് തകര്‍ന്ന വിമാനത്തിലെ കരച്ചിലിലേക്ക് സഹായവുമായെത്തിയ മാനവികതയുടെ മനസ്സ് പൈലറ്റ് അടക്കം 190 യാത്രക്കാരേയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ രണ്ടു പൈലറ്റുമാരടക്കം ഏഴു പുരുഷന്മാരും എഴു സ്ത്രീകളും നാല് കുട്ടികളേയും മരണം കവര്‍ന്നു.

ഇതിനകം കേന്ദ്ര വ്യോമായന മന്ത്രിയടക്കം നിരവധിപേരാണ് അത്ഭുതപ്പെടുത്തിയ നാടിന്റെ നന്മയെ പുകഴ്ത്തി രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ മലയാളികളുടെ മാനവികതയും ചര്‍ച്ചയാവുന്നുണ്ട്.