ഒട്ടും വൈകാതെ കരിപ്പൂരില്‍ വലിയ വിമാനം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള എല്ലാ അനുമതിയും ലഭ്യമായതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. സാങ്കേതികവും അല്ലാത്തതുമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വൈകാതെ ഉത്തരവ് ഇറങ്ങും. ഇതോടെ ബുക്കിംഗ് ആരംഭിക്കുമെന്നും ഒട്ടും വൈകാതെ എല്ലാം .യാഥാര്‍ത്ഥ്യമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കരിപ്പൂരില്‍ അറ്റകുറ്റ പണിക്കായി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ സഊദി സര്‍വ്വീസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ഇതു അതേ പോലെ നിലനിര്‍ത്തി കരിപ്പൂരിന് പുതിയ സ്റ്റേഷന്‍ അനുവദിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിട്ടുള്ളത്. അടുത്ത വര്‍ഷത്തെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ വരാനുള്ള സാഹചര്യമാണ് ഇതോടെ തെളിഞ്ഞത്.

കരിപ്പൂര്‍ പഴയ അവസ്ഥയെക്കാള്‍ മെച്ചപ്പെടും. കണ്ണൂര്‍ വിമാനത്താവളം വരുന്നത് ഗുണകരമായി ഭവിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ വിദേശ ആഭ്യന്ത സര്‍വ്വീസുകള്‍ മേഖലയില്‍ ഉണ്ടാകുന്നതൊടൊപ്പം കരിപ്പൂരിലെ പാര്‍ക്കിംഗിന് കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ കണ്ണൂരിലും സൗകര്യമുണ്ടാകുന്നത് മെച്ചമാകാനാണ് സാധ്യതയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.