രക്ഷാപ്രവര്‍ത്തനം; കരിപ്പൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ്

ചിക്കു ഇര്‍ഷാദ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നതിന് 17 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന റൂട്ടുകളില്‍ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും.

അതേസമയം കൊച്ചി വിമാനത്താവളം അടച്ചുപൂട്ടിയതോടെ കൂടുതല്‍ ആഭ്യന്തര വിമാനങ്ങളും അന്താരാഷ്ട്ര വിമാനത്താവളങ്ങളും സ്വീകരിക്കുന്നതിന് എയര്‍പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞുവെന്ന് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

തിരക്ക് തീരെ കുറവായ ഉച്ചക്ക് 12 മണിക്കും രാത്രി 8 മണിക്കും ഇടയില്‍ ആറ് എയര്‍ക്രാഫ്റ്റ് വിമാനങ്ങളെ സ്വീകരിക്കാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറായ കെ.ശ്രീനിവാസ റാവു അറിയിച്ചു.

‘പാര്‍ക്കിങ് ബെയ്‌സ് ലഭ്യതക്ക് അനുസരിച്ച് മറ്റു സമയങ്ങളില്‍ കൂടുതല്‍ വിമാനങ്ങളെ സ്വീകരിക്കാനും സാധിക്കും. ഡി.ജി.സി.എ അംഗീകാരം നല്‍കുന്നത് അനുസരിച്ച് മറ്റു വിമാന കമ്പനികളില്‍ നിന്നുള്ള അധിക സര്‍വീസുകളെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

മിഡിസീസ്റ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സര്‍വീസുകളെ സ്വാഗതം ചെയ്തു കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം നിലവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് കോഡ്-സി, കോഡ്-ഡി കാറ്റഗറി വിമാനങ്ങളെ മാത്രമാണ് സ്വീകരിക്കാന്‍ സാധിക്കുക. വലിയ വിമാനങ്ങളുടെ സര്‍വീസിനായി ഡി.ജി.സി.എ, എ.എ.ഐ എന്നിവയില്‍ നിന്നും പ്രത്യേക അംഗീകാരം ലഭിക്കേണ്ടതുണ്ട്.

കോഡ്-സി കാറ്റഗറിയിലുള്ള വിമാനങ്ങള്‍ക്കായി കരിപ്പൂരില്‍ 12 പാര്‍ക്കിങ് ബെയ്‌സുകളാണുള്ളത്. മണിക്കൂറില്‍ 1,000 അന്താരാഷ്ട്ര യാത്രികരേയും 500 ആഭ്യന്തര യാത്രക്കാരേയും കൈകാര്യം ചെയ്യാന്‍ ഇവിടെ നിന്നും സാധിക്കും. അടിയന്തിര സാഹചര്യനായി കണക്കിലാക്കി മുഴുനീള പ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ചമായിരിക്കുയാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട്.