കരിപ്പൂരില്‍ ഉണ്ടായത് മംഗലാപുരം വിമാനദുരന്തത്തിന് സമാനമായ അപകടം? ; ഒഴിവായത് വലിയ ദുരന്തം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെ തെന്നിമാറി. പൈലറ്റ് മരിച്ചു. സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ദുബായില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ഒരു ഭാഗം റണ്‍വേയ്ക്ക് പുറത്തെത്തി. വിമാനത്തിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരെ കൊണ്ടോട്ടി റിലീഫ്, മെഴ്‌സി ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. റണ്‍വേയില്‍ നിന്ന് 35 അടി താഴേക്കാണ് വിമാനം മറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.

രാത്രി എട്ടു മണിയോടെയാണ് സംഭവം. കൊണ്ടോട്ടികുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. നൂറിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നിട്ടുണ്ട്.വിമാനത്തില്‍ 177 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ റണ്‍വേയില്‍ കനത്ത മഴയുണ്ടായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ ദുരന്തനിവാരണത്തിന്റെ ഏകോപനം ഏറ്റെടുത്തിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

ജീവനക്കാരടക്കം 166 പേരുമായി 2010 മെയ് 21ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്തേക്ക് എത്തിയ വിമാനമാണ് ലാന്‍ഡിങിന് തൊട്ടുമുന്‍പ് തീപ്പിടിച്ച് അപകടത്തില്‍പ്പെട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ രാവിലെ ആറരയോടെ ലാന്‍ഡിങ്ങിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.

വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മണല്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. പിന്നേയും മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം കത്തിയമര്‍ന്നു.

എട്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഒന്നിച്ച് സംസ്‌കരിക്കുകയായിരുന്നു.

കരിപ്പൂരിലുണ്ടായത് ക്രാഷ് ലാന്‍ഡിങ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗലാപുരും ദുരന്തത്തിന് സമാനമായ രീതിയില്‍ തീപ്പിടുത്തമുണ്ടാവാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

SHARE