സ്‌കൂള്‍ അവധിക്ക് നാട്ടിലേക്ക് തിരിച്ചു, മുന്‍നിരയില്‍ ഇരുന്നു; നാടിനെ കണ്ണീരിലാഴ്ത്തി രമ്യയും ശിവാത്മികയും മടങ്ങി

കുറ്റിയാടി: കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട നരിപ്പറ്റ ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരന്റെ ഭാര്യ രമ്യ മുരളീധരന്റെയും (32) ഇളയ മകള്‍ ശിവാത്മികയുടെയും (5) വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി. ഒപ്പമുണ്ടായിരുന്ന മൂത്തമകന്‍ യദുദേവ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

റാസല്‍ഖൈമയില്‍ എസി മെയിന്റനന്‍സ് സ്ഥാപനം നടത്തുന്ന മുരളീധരന്‍ കുടുംബസമേതം ദുബായില്‍ ആയിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് എട്ട് മാസം മുന്‍പാണ് ഇവര്‍ നാട്ടില്‍ വന്നുപോയത്. കുട്ടികള്‍ക്ക് സ്‌കൂള്‍ അവധിയായതിനാല്‍ ഭാര്യയെയും മക്കളെയും നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. അപകടത്തില്‍പെട്ട വിമാനത്തിന്റെ മുന്‍ നിരയിലെ സീറ്റിലായിരുന്നു രമ്യയും മക്കളും ഇരുന്നത്.

അപകടത്തില്‍പെട്ട രമ്യയും ഇളയ മകളും ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചു. ഇരുവരുടെയും സംസ്‌കാരം ചീക്കോന്നിലെ വീട്ടുവളപ്പില്‍ നടക്കും. കോടഞ്ചേരി കരിപ്പള്ളി രവീന്ദ്രന്റെയും രമയുടെയും മകളാണ് രമ്യ. സഹോദരന്‍: രമിത്.

SHARE