കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ച അപകടത്തിന്റെ വ്യാപ്തി പരിശോധിക്കുമ്പോള്‍ ഒഴിഞ്ഞുപോയത് വലിയ ദുരന്തമാണെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍. വിമാനം പല കഷ്ണങ്ങളായി മുറിഞ്ഞു കിടക്കുന്നതാണ് ആദ്യം കണ്ടത്. വിമാനം അതിവേഗത്തില്‍ 35 അടി താഴ്ചയിലേയ്ക്ക് പതിച്ചതിനാല്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
മഴയുണ്ടായിരുന്നെങ്കിലും ഇത്തരം അപകടത്തില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത വളരെ കൂടുതലായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വിമാനത്താവളത്തിന്റെ 300 മീറ്റര്‍ മാത്രം ദൂരെയുള്ള ജനവാസ പ്രദേശത്തെ ഇത് ബാധിക്കുമായിരുന്നു. വിമാനം ഇവിടേയ്ക്ക് നീങ്ങിയിരുന്നെങ്കില്‍ വിചാരിച്ചതിനേക്കാള്‍ ആള്‍, നാശനഷ്ടങ്ങളുണ്ടാകുമായിരുന്നു. വിമാനം പുറത്തേയ്ക്ക് പോയില്ലെന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്.
അപകടമുണ്ടായി പെട്ടെന്നു തന്നെ പല സ്ഥലങ്ങളില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് ആളെത്തിയത് പരമാവധി ആളുകളെ പുറത്തെടുക്കുന്നതിനും ആശുപത്രിയില്‍ എത്തിക്കുന്നതിനും സഹായിച്ചു. നാട്ടുകാരും വിമാനത്താവള ജീവനക്കാരും ചേര്‍ന്നാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലസ്ഥലങ്ങളില്‍ നിന്നായി സംവിധാനങ്ങള്‍ വേഗമെത്തി ആളുകളെ അതിവേഗം ആശുപത്രിയിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു.