കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നടത്തിയത് റണ്‍വേയിലെ ഹാര്‍ഡ്ഹിറ്റ് ലാന്ഡിങാണെന്ന് നിഗമനം. നനഞ്ഞ പ്രതലത്തില്‍ വന്നിറങ്ങുമ്പോഴുള്ള ഘര്‍ഷണനഷ്ടം കുറയ്ക്കാനാണ് വിമാനം ഇത്തരത്തില്‍ ഇറക്കുന്നത്.
സാധാരണയില്‍ക്കൂടിയ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനത്തിന്റെ ടയറുകള്‍ ഇത്തരം ലാന്‍ഡിങ് നടത്തുമ്പോള്‍ നിലത്ത് ശക്തിയില്‍ പതിച്ചാണ് നീങ്ങുക. വിമാന അപകടത്തെക്കുറിച്ച് പഠിക്കാനായി കരിപ്പൂരെത്തിയ ഉന്നതതല സംഘം ഇത്തരത്തില്‍ നിഗമനത്തിലെത്തിയതായാണ് സൂചന. റണ്‍വേയിലെ ടയര്‍ ഉരഞ്ഞുള്ള കാര്‍ബണ്‍ നിക്ഷേപവും മഴവെള്ളവും ചേര്‍ന്ന് നേര്‍ത്ത പാളിയായി ചക്രങ്ങളില്‍ ഒട്ടി ബ്രേക്കിങ് തകരാറിലാക്കുന്ന ഹൈഡ്രോ പ്ലെയിനിങ് എന്ന പ്രതിഭാസം ഒഴിവാക്കാനായിരുന്നു ഇത്തരത്തില്‍ ലാന്‍ഡ് ചെയ്തത്. എന്നാല്‍, മഴമൂലമുണ്ടായ വെര്‍ട്ടിക്കല്‍ ഇല്യൂഷന്‍ മൂലം റണ്‍വേയുടെ മധ്യത്തിലാണ് ലാന്‍ഡിങ് നടത്തിയത്. റിവേഴ്സ് ത്രസ്റ്റ് ഉപയോഗിച്ച് വിമാനം നിര്‍ത്താന്‍ പൈലറ്റ് ശ്രമിച്ചതും വിജയിച്ചില്ല. അപകടം മുന്നില്‍ക്കണ്ടതോടെ എന്ജിന് പൂര്‍വസ്ഥിതിയിലാക്കി പറന്നുയരാന്‍ ശ്രമിച്ചു. എന്നാല്‍, റിവേഴ്സ് ത്രസ്റ്റില്‍നിന്നും സാധാരണനിലയിലേക്ക് വരാനെടുത്ത രണ്ടു മിനിറ്റാണ് വിമാനത്തെ അപകടത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം.
പൈലറ്റ് വിമാനത്തിന്റെ എന്ജിന് ഓഫാക്കിയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കോക്ക് പിറ്റ് പരിശോധിച്ചതില്‍നിന്നാണ് സംഘത്തിന് ഈ സൂചന ലഭിച്ചത്. റണ്‍വേയില്‍നിന്നിറങ്ങി കനാലില്‍ പുതഞ്ഞതുകൊണ്ടാവാം യന്ത്രങ്ങള്‍ ഓഫായത്. നിരങ്ങിയിറങ്ങിയാണ് വിമാനം വിമാനത്താവളത്തിന്റെ ചുറ്റുമുള്ള ബെല്‍റ്റ് റോഡിലെത്തിയതും ചുറ്റുമതിലില്‍ ഇടിച്ചുനിന്നതും. വിമാനത്തിന് സാങ്കേതികത്തകരാറുകള്‍ സംഭവിച്ചിരുന്നോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.