പി.വി.ഹസീബ് റഹ്മാന്
”വിമാനം കൊറേ നേരം എറങ്ങാന്‍ കയ്യാതെ എടങ്ങേറാ വ്ണത് കണ്ടിരുന്നു. കല്ലെറിയുന്ന മാതിരി മഴയും. കുറച്ച് കഴിഞ്ഞ് അത് ഇറങ്ങിക്കോളും എന്ന് കരുതി.പിന്നെ കേട്ടത് കാതടപ്പിക്കുന്ന പെരും സൗണ്ട് . ഓടികിതച്ച് എത്തിയപ്പോ കണ്ടത് എന്ത് ചെയ്യണമെന്നറിയാത്ത രംഗം. ഇറങ്ങാന്‍ പ്രയാസപ്പെട്ട വിമാനം ബെല്‍റ്റ് റോഡിനോട് ചേര്‍ന്ന താഴ്ച്ചയില്‍ ചിതറി കിടക്കുന്നു. പിന്നെ കേട്ടത് കൂട്ടാര്പ്പ്. ഒന്നും നോക്കീല. ഒട്ടേറെ പേരെ രക്ഷപ്പെടുത്താനായി’. സാമൂഹ്യ മാധ്യ ങ്ങളില്‍ വൈറലായ കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിന്റെ വാക്കുകളാണിത്. 37പേരെ രക്ഷപ്പെടുത്തിയ വ്യക്തിയാണ് കരിപ്പൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്.
കോരിച്ചൊരിയുന്ന മഴയില്‍ കരിപ്പൂരിന്റെ റണ്‍വെക്ക് മുകളില്‍ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വട്ടമിട്ട് കളിക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ നാടുകാണാന്‍ പ്രതീക്ഷ വിടാതെ പി.പി.ഇ കിറ്റ് ധരിച്ച 191 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ദുരന്തത്തിലേക്ക് ലാന്റ് ചെയ്തത് ഒരു വേള സത്യം തന്നെയാണോ എന്നുള്കൊള്ളാന് ആര്‍ക്കും കഴിഞ്ഞില്ല.പിന്നെ അവരൊന്നും ചിന്തിച്ചില്ല. ആകാശത്തോളം ഉയര്‍ച്ചയുള്ള’മലപ്രത്താരെ’ മനസ്സിനു മുന്നില്‍ കോവിഡ് വൈറസും, തുള്ളി മുറിയാതെ പെയ്ത മഴയും തോറ്റു കൊടുക്കുകയായിരുന്നു.മനസ്സില്‍ കടലോളം കരുണ നിറച്ച കൊണ്ടോട്ടിക്കാര്‍ സ്വന്തത്തെ മറന്ന് രണ്ട് കഷ്ണമായ വിമാനത്തിലെ ജീവന്റെ തുടിപ്പു കള്‍ക്കായി കൂറ്റന്‍ മതില് ചാടി കടന്ന് ഏത് സമയത്തും കത്തി പടരാവുന്ന വിമാനത്തിനടുത്തേക്ക് കുതിച്ചു.
വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിലിന്റെ വിടവിലൂടെ വരെ രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ ഓടിക്കയറി.നിസഹായ നായി തരിച്ചു നിന്ന ഗൈറ്റ് കാവല്‍ ക്കാരന് സി.ഐ.എസ്.എഫ് കാരന് അപ്പോഴേക്കും കവാടം തുറന്ന് കൊടുത്തിരുന്നു. ലക്ഷ്യം ഒന്നു മാത്രം.കഴിയുന്നത്ര യാത്രക്കാരെ രക്ഷപ്പെടുത്തണം. അതു കൊണ്ട് തന്നെ വിമാനത്തിന്റെ എമര്‍ജന്‍സി വാതിലുവരെ തുറക്കാന്‍ അവര്‍ ആരേയും കാത്തു നിന്നില്ല. പിന്നെ പിടയുന്നവരെ വാരി വലിച്ചെടുത്ത് കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലേക്ക് ഓടി.ഒന്നിനു പിറകെ ഓരോന്നായി. പുളിക്കലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു കുഞ്ഞിനെ കൊണ്ട് കരിപ്പൂരിലുള്ള ഒരു രക്ഷാ പ്രവര്ത്തകന് എത്തിയത് ഒരു ബൈക്കില്‍. നിമിഷങ്ങള്‍ക്കകമാണ് പ്രദേശത്തിന്റെ അഷ്ടദിക്കില്‍ നിന്ന് രക്ഷാദൗത്യവുമായി ജനം ഇരച്ചെത്തിയത്.12.30 ആയതോടെ കുടുങ്ങി കിടന്നവരെ എല്ലാം പുറത്തെടുത്ത് ദൗത്യം പൂര്‍ത്തിയായി. കട്ടന്‍ ചായയും കുടിവെള്ളവുമായി തന്നാല്‍ കഴിയുന്ന സഹായവുമായി പ്രായം ചെന്നവര്‍വരെ സഹജീവി സ്നേഹത്തിന്റെ മാതൃക കാട്ടുകയായിരുന്നു.
ദിവസങ്ങളായി കൊണ്ടോട്ടി നഗര സഭയും പരിസരവും കോവിഡിന്റെ പിടിയിലാണ്. വിമാന ദുരന്തമുണ്ടായ പ്രദേശത്താകട്ടെ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ഭീതിയിലുമാണ്.ദുരന്തം നടന്നതിന്റെ പിലിന്നും ഇവിടെ കോവിഡ് മരണം സംഭവിച്ചു. കൊണ്ടോട്ടി താലൂക്ക് കണ്ടയ്നമെന്റ് സോണ്‍ മൂലം ജനം പ്രയാസത്തിലുമാണ്.വ്യാപാര സ്ഥാപനങ്ങളുള്‍പ്പെടെ അടച്ചിടേണ്ടി വന്നതോടെ വഴിമുട്ടിയത് ഒരു നാടിന്റെ ജീവിത വരുമാനമാര്‍ഗങ്ങള്‍ കൂടിയായിരുന്നു. പിന്നാലെ കാല വര്‍ഷത്തിന്റെ ദുരിതവും.ഇതിനി ടെയിലേക്കാണ് മഹാ ദുരന്തമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം താഴ്ചയി ലേക്ക് കൂപ്പുകുത്തിയത്.ഒരു നിമിഷം പോലും പാഴാക്കാതെ മാസ്കും, സാമൂഹ്യ അകലവും മറന്ന് ദുരന്ത മുഖത്തേക്ക് സ്വയം മറന്ന് ഓടിച്ചെന്ന പ്രദേശത്തുകാര്‍ കാരുണ്യത്തിന്റെ സഹജീവി സ്നേഹത്തിന് ലോകത്തിന് മുന്നില്‍ മാതൃക കാണിക്കുകയായിരുന്നു.
ജീവനു വേണ്ടി പിടയുന്നവര്ക്കിടയില് കരുണയുടെ കൈകളാല്‍ വാരി എടുക്കുമ്പോഴും ഇന്ധനത്തിന് തീ പിടിച്ച് വിമാനം പൊട്ടിത്തെറിക്കുമോ എന്ന് പോലും ആലോചിച്ചില്ല. വന്നവര്‍ ഓരോര്ത്തര് പകച്ചു നില്‍ക്കാതെ കയ്യില്‍ കിട്ടിയ യാത്രക്കാരെയുമായി കിട്ടിയ വാഹനങ്ങളില്‍ ആശുപത്രി തേടി പാഞ്ഞു. കരിപ്പൂരിലെ കേന്ദ്ര സുരക്ഷ സേനയുടെസഹായവും ,ആംബുലന്‍സിനും കാത്തുനില്‍ക്കാതെ ഒട്ടേറെ പേര് കയ്യില്‍ കിട്ടിയ വാഹനങ്ങള്‍ സഹായത്തിന് കുതിച്ചെത്തി.
അങ്ങാടി മുഴവന്‍ പരിക്കേറ്റ വരെയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങള്‍ക്ക് വഴി യൊരുക്കാനും അതത് നാട്ടുകാരും സജീവം. ആശുപത്രികള്‍ ക്ക് മുന്നിലും രക്തം കൊടുക്കാന്‍ ആളുകളുടെ മല്‍സരം. കണ്ടെയ്ന്മെന്റ് സോണിലാണെന്ന് അറിഞ്ഞ് രക്തം എടുക്കാത്തതിന് മടങ്ങിയ വരുടെ മുഖത്താകട്ടെ കരുണ ചെയ്യാന്‍ പറ്റാത്തതിന്റെ സങ്കപ്പാട്. ഒരു മഹാദുന്ത മുഖത്ത് എങ്ങിനെ ആവണമെന്ന് ഒരു ജനത കാണിച്ചു കൊടുക്കുമ്പോള്‍ ദേശീയ ചാനലുകള്‍ പോലും നല്‍കിയത് അഭിനന്ദനത്തിന്റെ നൂറ് ലൈക്കുകള്‍.
കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു പാത്രവുമായി ഒരു മദ്ധ്യ വയസ്കന് എത്തിയത് കണ്ട് കൂടി നിന്നവര്‍ കാര്യം തിരക്കിയപ്പോള്‍ പറഞ്ഞത് വീട്ടുകാര്‍ കൊടുത്തു വിട്ട കഞ്ഞിയും കട്ടന്ചായയുമാണെന്നാണ്.തന്നാല്‍ കഴിയുന്ന സേവനവുമായി രംഗത്തിറങ്ങാന്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് പ്രായം തടസ്സം നിന്നില്ല. വിമാന ദുരന്തം പുറം ലോകം അറിഞ്ഞതും മരണപ്പെട്ടവരെയും,പരിക്കേറ്റവരെയും തിരിച്ചറിയാനും,രക്തദാനത്തിനും,റോഡ് തടസങ്ങള്‍ ഒഴിവാക്കാനും നിമിഷ നേരം കൊണ്ടായിരുന്നു മലയാളികള്‍ സാമൂഹ്യ മാധ്യമങ്ങളെ കണ്ട്രോള് റൂം ആക്കി മാറ്റിയത്.
രാത്രി എട്ട് മണി മുതല്‍ ഇന്നലെ പുലരുവോളം നേതാക്കളടക്കം രക്ഷാപ്രവര്‍ത്തന ത്തിന്റെ ഭാഗമായി നിലകൊണ്ടു. രാത്രി 12.30 ഓടെ തകര്‍ന്ന വിമാനത്തില്‍ നിന്ന് 191യാത്രക്കാ രെയും പുറത്തേക്കെത്തിച്ചു. ലക്ഷങ്ങളുടെ ലഗേജുകള്‍ തകര്‍ന്ന വിമാനത്തിന് സമീപത്ത് കൂട്ടിയിട്ടപ്പോഴും അതിന് കാവല്‍ നില്ക്കാന് ആയിരുന്നു പലരുടെയും വ്യഗ്രത. മലപ്പുറത്തിനെ ഇകഴ്ത്താന്‍ മത്സരിക്കുന്നവര്‍ക്ക് ആത്മാര്‍ത്ഥത കൊണ്ട് സഹജീവികളോടുള്ള കരുതല്‍ സന്ദേശത്തിന് വീണ്ടും ഒരു തെളിവാകു കയായിരുന്നു ഇന്നലെ കരിപ്പൂരില്‍ നടന്ന രക്ഷാപ്രവര്‍ത്തനം. ഹൃദയം തൊട്ട് ഖല്‍ബ് കോര്‍ത്തു പിടിച്ച കൊണ്ടോട്ടിയുടെ സ്നേഹം ലോകം ഏറ്റുപാടുന്നു. കൊണ്ടോട്ടി യുടെ സ്നേഹം തൊട്ടായിരിക്കും ഇനിയും ഇതുവഴി ആകാശപ്പറവകള്‍ യാത്ര തുടരുന്നത്.