കരിപ്പൂര്‍ വിമാനാപകടം: അന്വേഷണത്തിന് അഞ്ചംഗ സമിതി

ഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. ക്യാപ്റ്റന്‍ എസ്എസ് ചഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അഞ്ച് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആണ് സമിതിയെ നിയോഗിച്ചത്.

ബോയിങ് 737 വിമാനത്തിന്റെ മുന്‍ പരിശോധകനാണ് ക്യാപ്റ്റന്‍ എസ്എസ് ചഹര്‍. അപകടത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ടൊന്നും ഇതുവരെ നല്കിയിട്ടില്ലെന്നാണ് സൂചന. അപകടകാരണത്തെക്കുറിച്ചുള്ള ഡിജിസിഎയുടെ പ്രാഥമിക നിഗമനത്തിനെതിരെ നേരത്തെ പൈലറ്റുമാരുടെ സംഘടന രംഗത്ത് വന്നിരുന്നു. അപകട കാരണം കണ്ടെത്തി ഇത് ഭാവിയില്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശവും സമിതിക്ക് നല്‍കിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മഴക്കാലത്ത് വലിയ വിമാനം ഇറങ്ങുന്നത് തടഞ്ഞു കൊണ്ട് ഡിജിസിഎ ഉത്തരവിട്ടത്.

SHARE