ആകാശത്ത് ഒന്നിലേറെ തവണ കറങ്ങി; മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല: അപകടത്തില്‍ രക്ഷപ്പെട്ട യാത്രികര്‍

കോഴിക്കോട്: അപകടത്തിന് മുമ്പ് ആകാശത്ത് ഒന്നിലേറെ തവണ വട്ടം വിമാനം കറങ്ങിയെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട റിയാസ് എന്ന യാത്രികന്‍. അപകടത്തെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ചെറിയ പരുക്കേറ്റ് നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹം പറഞ്ഞു.
തീരെ പ്രതീക്ഷിക്കാതെയാണ് അപകടമുണ്ടായതെന്ന് ബാലുശ്ശേരി സ്വദേശിനിയും പറഞ്ഞു. ചെറിയ കുലുക്കമുണ്ടായിരുന്നുവെന്നും താന്‍ സ്വയം ഇറങ്ങിയോടിയെന്നും അവര്‍ പറഞ്ഞു.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ കാഴ്ചാ തടസ്സവും റണ്‍വേയിലെ വെള്ളക്കെട്ടുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ടേബിള്‍ടോപ് മാതൃകയിലുള്ള റണ്‍വേയാണു കോഴിക്കോട്ടേത്. ഇതിന്റെ പടിഞ്ഞാറു ഭാഗത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു. നാട്ടുകാരും വിമാനത്താവളത്തിലെ അഗ്‌നിരക്ഷാ സേനയുമാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. റണ്‍വേയുടെ മതില്‍ തകര്‍ത്തു പിളര്‍ന്ന വിമാനത്തിന്റെ ദൃശ്യം മഴക്കെടുതിയില്‍ വിറച്ചുനിന്ന കേരളത്തിനു മറ്റൊരു ആഘാതമായി.

SHARE