കരിപ്പൂരില്‍ വീണ്ടും തട്ടിക്കൊണ്ടുപോവല്‍; യാത്രക്കാരെ വസ്ത്രമഴിച്ചു കൊളളയടിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊളളയടിക്കല്‍ തുടരുന്നു. വിമാനത്താളത്തില്‍ നിന്നും പുറത്തിറങ്ങിയ കാസര്‍കോഡ് ഉദുമ സ്വദേശികളെയാണ് കൊള്ള സംഘം തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്.
സന്തോഷ്, അബ്ദുള്‍ സത്താര്‍ ഇന്നീ യാത്രക്കാരെയാണ് ഇന്ന് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. സ്വര്‍ണ്ണം കൊള്ളയടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. കൊള്ള സംഘം തങ്ങളെ മൃഗീയമായി മര്‍ദ്ദിച്ചതായും വസ്ത്രങ്ങളഴിച്ച് ദേഹ പരിശോധന നടത്തിയതായും ഇവര്‍ പൊലീസില്‍ പരാതി നല്‍കി. കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചെന്നും പരാതിയുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സന്തോഷിനും സത്താറിനും ദുരനുഭവമുണ്ടായത്. ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ പിടിച്ച് കോഴിക്കോട്ടേക്കു പോവുകയായിരുന്നു. പിറകില്‍ കാറുമായി വന്ന കൊള്ളസംഘം ഇവരെ തടഞ്ഞു നിര്‍ത്തി. കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രം ഉള്‍പ്പെടെ അഴിച്ചാണ് പരിശോധന നടത്തിയതെന്നും സന്തോഷും സത്താറും പോലീസിനോട് പറഞ്ഞു.

കൊണ്ടുവന്ന സ്വര്‍ണ്ണമെവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഇതിനു ശേഷം ഓരോരുത്തരുടെയും കയ്യിലുണ്ടായിരുന്നു 15000, രൂപയും 18,000 രൂപയും മൂന്നരപവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തും വിധം ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്. കഴിഞ്ഞ ദിവസം സാമനമായി ദക്ഷിണ കന്നട സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് അജ്ഞാതര്‍ കവര്‍ച്ചയ്ക്കിരയാക്കിയത്. സ്വര്‍ണം അധികമായി കയ്യിലുണ്ടെന്ന് കരുതിയാണ് തട്ടികൊണ്ടുപോയതെന്നും ആളുമാറിയതറിഞ്ഞതോടെ കൈയിലുള്ളതെല്ലാം തട്ടിയെടുത്ത് വിട്ടയച്ചെന്നും ഷംസാദ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ കൊണ്ടോട്ടി പൊലീസ് പരപ്പനങ്ങാടി സ്വദേശി റഷീദിനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് സംഘത്തെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഷാര്‍ജയില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ഷംസാദിനെയാണ് അക്രമത്തിന് ഇരയായത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ക്രൂയിസര്‍ ജീപ്പിലും ബൈക്കിലുമായി കവര്‍ച്ചാ സംഘം പിന്തുടര്‍ന്നെത്തുകയായിരുന്നു. പിന്നീട് കൊണ്ടോട്ടിക്കടുത്ത് വച്ച് വാഹനം തടഞ്ഞ് മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച് അക്രമിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് കൊള്ള നടത്തിയ സംഘം കണ്ണുമൂടിക്കെട്ടി കടലുണ്ടിപുഴയുടെ തീരത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ച് കൈയിലുണ്ടായിരുന്ന പഴ്‌സും, രേഖകളും ലഗേജും കൊള്ളസംഘം കൈക്കലാക്കിയതായി യാത്രക്കാരന്‍ പൊലീസിനെ അറിയിച്ചു. സ്വര്‍ണം എവിടെ എന്നു ചോദിച്ചായിരുന്നു അതിക്രൂര മര്‍ദനമെന്നാണ് വിവരം. മണിക്കൂറുകള്‍ നീണ്ട അതിക്രൂര മര്‍ദനമുറകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശക്കടുത്ത് ചെട്ടിയാര്‍മാടില്‍ ഇറക്കി വിടുകയായിരുന്നു.

വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നവരെ പിന്തുടര്‍ന്ന് കൊള്ളയടിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

SHARE