കരിപ്പൂര്‍ ദുരന്തം: പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ പത്ത് വയസ്സുകാരിക്ക് അഭിനന്ദന പ്രവാഹം

കോഴിക്കോട് : പത്തു വയസുകാരി ഫാത്തിമ ഷെറിനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്തം നല്‍കാന്‍ തയ്യാറായി ഫാത്തിമ ഷെറിന്‍ മുന്നോട്ടു വരികയായിരുന്നു. വിമാന അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ ധാരാളം പേര്‍ എത്തിയിരുന്നു. എന്നാല്‍ രക്തം നല്‍കാന്‍ സജ്ജയായി അവര്‍ക്കിടയില്‍ ഒരു പത്ത് വയസുകാരിയുണ്ടായിരുന്നു. അതാണ് ഫാത്തിമ ഷെറിന്‍ എന്ന മിടുക്കി.

എടയൂര്‍ അത്തിപ്പറ്റ കൂനങ്ങാട്ടുപറമ്പില്‍ സക്കീര്‍ ഹുസൈന്‍-ഹസീന ദമ്ബതികളുടെ മകള്‍ ഫാത്തിമ ഷെറിനെ തേടിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദനമെത്തിയിരിക്കുന്നത്. കോഴിക്കോട്ടെ രക്തദാനസേന കോഓഡിനേറ്ററെ വിളിച്ചാണ് ഫാത്തിമ രക്തം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.സഹോദരിയുടെ ഫോണില്‍ നിന്നാണ് വിമാനപകടത്തില്‍ പെട്ടവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന അറിയിപ്പ് ഫാത്തിമ കണ്ടത്. തുടര്‍ന്നാണ് വെങ്ങാട് ടി.ആര്‍.കെ.എ.യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ബന്ധപ്പെട്ടത്. തനിക്ക് പത്ത് വയസാണെന്നും പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കുമോ എന്നുമാണ് ഫാത്തിമ ആദ്യം ചോദിച്ചത്. എന്നാല്‍ പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കാനാകില്ലെന്ന് കോഓഡിനേറ്റര്‍ മറുപടി നല്‍കുകയും വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് അറയ്ക്കുകയും ചെയ്തു.

ഇതോടെ സംഭവം പുറംലോകം അറിയുകയും നിരവധി പേര്‍ ഫോണിലും നേരിട്ടെത്തിയും ഫാത്തിമയെ അഭിനന്ദിക്കുകയും ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള സംസ്ഥാന പ്രസിഡന്റ് സലിം വളാഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് കാളിയത്ത്, തിരൂര്‍ താലൂക്ക് രക്ഷാധികാരി വി.പി.എം സാലിഹ് ഷാജി സല്‍വാസ് തുടങ്ങിയവര്‍ വീട്ടിലെത്തി ഫാത്തിമയെ അഭിനന്ദിച്ചു.

SHARE