കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേയുടെ നീളം കൂട്ടാന്‍ ഡിജിസിഎ നിര്‍ദേശം


മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റണ്‍വേയുടെ നീളം 2,850 മീറ്ററായി പുനഃസ്ഥാപിക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

റണ്‍വേയുടെ മറ്റു വശങ്ങളുടെ നീളം കുറച്ച് ലാന്‍ഡിങ് പരിധി കൂട്ടാനാണ് തീരുമാനം. 2016 ല്‍ റണ്‍വേയുടെ നീളം 2,850 മീറ്ററായിരുന്നു. റണ്‍വേ എന്‍ഡ് സുരക്ഷിത ഭാഗത്തിനായി (ആര്‍ഇഎസ്എ) ഇതില്‍ നിന്ന് നൂറ് മീറ്റര്‍ എടുത്തിരുന്നു. ഇതോടെ ലാന്‍ഡിങ് പരിധി നൂറ് മീറ്റര്‍ കുറഞ്ഞു 2,750 ആയി. സുരക്ഷിത മേഖലയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിക്കാനായിരുന്നു റണ്‍വേയുടെ നീളം കുറച്ചത്.

വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉള്‍പ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് ഡിജിസിഎ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ ചേര്‍ന്ന ഡിജിസിഎ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കൂടുതല്‍ ഭൂമി എറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം, കരിപ്പൂര്‍ വിമാനദുരന്തത്തിന് കാരണം ലാന്‍ഡിങ്ങിലെ പിഴവാണെന്ന് ഇന്നലെ ഡിജിസിഎ സംഘത്തിന്റെ പ്രഥമിക നിഗമനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡിങ് സുരക്ഷിതമാക്കാന്‍ റണ്‍വേയുടെ നീളം കൂട്ടാന്‍ തീരുമാനിക്കുന്നത്.

കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണം തുടരുകയാണ്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത്. കരിപ്പൂര്‍ വിമാന അപകടത്തില്‍ കേരള പൊലീസ് അന്വേഷണസംഘം രൂപീകരിച്ച് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനടക്കം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

SHARE