രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസുകാരന് ഇപ്പോള്‍ കിട്ടുന്നത് ഒരായിരം സല്യൂട്ടുകള്‍


മങ്കട: കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികള്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസുകാരന് ഇപ്പോള്‍ കിട്ടുന്നത് ഒരായിരം സല്യൂട്ട്. മങ്കട അരിപ്ര സ്വദേശിയായ നിസാര്‍ അരിപ്രയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍. മലപ്പുറം പൊലീസ് കണ്ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

അവര്‍ ക്വാറന്റീനില്‍ കഴിയുന്ന മുക്കൂട് പ്രദേശത്ത് പോയാണ് ഹൃദയത്തിന്റെ ഭാഷയില്‍ ഇയാള്‍ സല്യൂട്ട് ചെയ്തത്. സ്വന്തം ജീവന്‍ അപായത്തിലാകുമെന്നറിഞ്ഞിട്ടും സഹജീവികളെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ കാണിച്ച മാനുഷിക പരിഗണനയോടുള്ള ആദരവാണ് നിസാറിനെ ഈ സല്യൂട്ടിന് പ്രേരിപ്പിച്ചത്.

മൂന്നു വീടുകളിലായി 18 പേരാണ് ഇവിടെ ക്വാറന്റീനില്‍ കഴിയുന്നത്. ഈ സല്യൂട്ട് ചില അപസ്വരങ്ങള്‍ക്ക് കാരണമായെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇയാള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ഒരായിരം സല്യൂട്ട് എല്ലാ അപസ്വരങ്ങളെയും നിഷ്പ്രഭമാക്കികളഞ്ഞു.

15 വര്‍ഷമായി പൊലീസ് സേനയുടെ ഭാഗമായ നിസാര്‍ ഒന്നര വര്‍ഷമായി മലപ്പുറത്താണ് സേവനം ചെയ്യുന്നത്. പൊലീസ് കുടുംബത്തിലെ അംഗമാണ്. അരിപ്ര ഫിനിക്സ് ക്ലബ്ബിലെ സജീവ അംഗവും സാമൂഹ്യ സേവന രംഗത്ത് സാന്നിധ്യവുമാണ്. അരിപ്ര തോടേങ്ങല്‍ പരേതനായ മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനാണ് നിസാര്‍. മറ്റു രണ്ടു സഹോദരന്മാരും പൊലീസില്‍ തന്നെയാണ് സേവനം ചെയ്യുന്നത്. ഭാര്യ: ശബ്‌ന. മക്കള്‍: മിഷാല്‍, ആയിഷ.

SHARE