കരിപ്പൂര്‍ വിമാന ദുരന്തം; 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത വ്യാജം

കൊണ്ടോട്ടി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ 40 യാത്രികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വ്യാജം. മന്ത്രി എസി മൊയ്തീനും മലപ്പുറം ജില്ലാ കലക്ടറുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോവിഡ് പരിശോധനകള്‍ നടക്കുന്നതെ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു.

രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സമയത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കല്‍ അപ്രയോഗികമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെയെല്ലാം പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ 04832733251,3252,3253, 2737857. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും അറിയിച്ചു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 18 പേര്‍ മരിച്ചു. 23 പേര്‍ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

SHARE