കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരണത്തിന് കീഴടങ്ങി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരിച്ചു. ഇന്നലെ രാത്രിയാണ് വിമാന ദുരന്തത്തില്‍പ്പെട്ട കുഞ്ഞിനെ രക്ഷിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്നറിയിച്ച് നേരത്തെ കുഞ്ഞിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളേയും രക്ഷാപ്രവര്‍ത്തകരേയും വിളിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുണ്ടെന്ന് കണ്ടെത്തിയത് ആശ്വാസം പകര്‍ന്നിരുന്നു. കുഞ്ഞിന്റെ മാതാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.

SHARE