കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളി വീടുകളിലേക്ക് ചുരുങ്ങിയിട്ട് മാസങ്ങളായി. ആശുപത്രികളിലൊന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും പോവാറില്ല. എന്നാല്‍ കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ ജീവന് രക്ഷിക്കാന്‍ കൊണ്ടോട്ടിയിലേയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ഒരു മനസ്സോടെ രംഗത്തിറങ്ങുകയായിരുന്നു. കൊറോണ ഭീതിയില്‍ പ്രവാസികളെ ഭയത്തോടെ അകറ്റി നിര്‍ത്തിയെന്ന വാര്‍ത്തകള്‍ വരുന്ന കാലത്താണ് എല്ലാ ഭയാശങ്കകളേയും അസ്ഥാനത്താക്കി കൊണ്ടോട്ടിക്കാര്‍ പ്രവാസികളെ ചേര്‍ത്തുപിടിച്ചത്.
അതിനിടയിലാണ് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന വിവരം മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മിംസ് ഹോസ്പിറ്റല്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഫറൂഖ് ക്രസന്റ് ഹോസ്പിറ്റല്‍, കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റല്‍, മലാപ്പറമ്പ് ഇഖ്റ ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളിലെല്ലാം പരിക്കേറ്റവരെ എത്തിച്ചിരുന്നു. വിവിധ ഗ്രൂപ്പുകളില്പ്പട്ട രക്തം ആവശ്യമുണ്ടെന്ന സന്ദേശം പ്രചരിച്ചതോടെ അര്‍ധരാത്രിയിലും കനത്ത മഴയെ വകവെക്കാതെ ആശുപത്രികളിലേക്ക് കുതിച്ചെത്തിയത് നിരവധിപേരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം ബ്ലഡ് ബാങ്കിന് മുന്നില്‍ രക്തം നല്കാനെത്തിയവരുടെ നീണ്ട നിര തന്നെയുണ്ടായി. ഏത് ദുരന്തത്തെയും ഒരു മനസ്സായി അതിജീവിക്കുമെന്ന് മലയാളി ഒരിക്കല്‍ കൂടി തെളിക്കുന്നതാണ് കേരളം കഴിഞ്ഞ ദിവസം കണ്ടത്.