വിവാഹത്തിനായി പുറപ്പെട്ടു; റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക്; വേദന താങ്ങാനാവാതെ കുടുംബം

പാലക്കാട്: വിവാഹത്തിനായാണ് ചെര്‍പ്പുളശ്ശേരി മുണ്ടക്കോട്ട്ക്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസ് നാട്ടിലേക്ക് പുറപ്പെട്ടത്. അപ്രതീക്ഷമായുണ്ടായ വിമാന അപകടത്തില്‍ റിയാസിന്റെ ജീവന്‍ പൊലിഞ്ഞു. റിയാസിന്റെ വേര്‍പാടില്‍ തീരാവേദനയിലാണ് കുടുംബാംഗങ്ങള്‍. വിവാഹത്തിനായി നാട്ടിലേയ്ക്ക് വന്ന മകന്റെ മരണം താങ്ങാനാവുന്നിലും അപ്പുറമാണ് അവര്‍ക്ക്. യാത്രയുടെ അവസാനത്തില്‍ പിന്‍മാറിയവര്‍, അവസാന യാത്ര ഫേസ്ബുക്കില്‍ കുറിച്ചവര്‍ തുടങ്ങി വൈകാരികമാണ് അപകടത്തിന്റെ ഓരോ ദൃശ്യങ്ങളും.

ഒരു വര്‍ഷം മുമ്പ് ദുബായില്‍ ജോലിയ്ക്ക് പോയ മുഹമ്മദ് റിയാസിന്റെ വിവാഹം കഴിഞ്ഞ മാസം നടത്താനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം റിയാസിന് നാട്ടിലെത്താന്‍ സാധിക്കാതെ വന്നു. വിമാന ടിക്കറ്റ് ലഭിക്കാതെ വന്നതാണ് ഇതിന് കാരണമായത്. ഇതോടെ വിവാഹം മാറ്റിവെച്ചു. പിന്നീട് നാട്ടിലെത്തിയ ശേഷം ക്വാറന്റീന്‍ കഴിഞ്ഞ് ചെറിയ ചടങ്ങോടെ വിവാഹം നടത്താം എന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. അങ്ങനെയാണ് വിവാഹത്തിനായി മുഹമ്മദ് റിയാസ് ഇന്നലെ ദുബായില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ റിയാസിനെ കാത്തിരുന്നത് വലിയൊരു അപകടമായിരുന്നു. ഇന്നലെ മരിച്ച പതിനെട്ട് പേര്‍ക്കൊപ്പം റിയാസും യാത്രയായി.

കണ്ണൂര്‍ സ്വദേശിയായ അഫ്‌സല്‍ അവസാന നിമിഷമായിരുന്നു യാത്രയില്‍ ന്ിന്നും പിന്‍മാറിയത്. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം പിഴയടക്കാന്‍ കഴിയാതെ വന്ന അഫ്‌സല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു. തിരിച്ചെത്തുമ്പോഴേക്കും വിമാനം പറന്നിരുന്നു. അവസാന നിമിഷം യാത്രയില്‍ നിന്ന് പിന്‍മാറിയ അഫ്‌സല്‍ അപകടം കേട്ടതിന്റെ ഞെട്ടലിലാണ്.

SHARE