കരിപ്പൂര്‍ പ്രാര്‍ത്ഥിക്കുന്നു; വരാതിരിക്കട്ടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ മംഗലാപുരത്തിന്റെ ഗതി

പി.എ അബ്ദുല്‍ ഹയ്യ്
കരിപ്പൂര്‍: മംഗലാപുരം വിമാന ദുരന്തം കഴിഞ്ഞ് പത്ത് വര്‍ഷം പിന്നിട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാറുകള്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല. കുടുംബനാഥരും മക്കളും നഷ്ടപ്പെട്ട വീടുകളും അനാഥരായ മക്കളും ദുരന്തത്തിന്റെ ബാക്കി പത്രങ്ങളായി ഇന്നും അവശേഷിക്കുമ്പോഴാണ് എയര്‍ഇന്ത്യ കരിപ്പൂരില്‍ മറ്റൊരു ദുരന്തം ആവര്‍ത്തിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിന്റെ നഷ്ട പരിഹാര കാര്യത്തില്‍ മംഗലാപുരം ദുരന്തത്തിലെ ഇരകളുടെ ഗതിവരല്ലേ എന്നാണ് കരിപ്പൂരിന്റെ പ്രാര്‍ത്ഥന.
ജീവനക്കാരടക്കം 166 യാത്രക്കാരുമായി 2010 മെയ് 22 ന് പുലര്‍ച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മംഗലാപുരത്തേക്ക് തിരിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം ലാന്റിങിനൊരുങ്ങുന്നതിനിടെ രാവിലെ ആറരയോടെ അപകടത്തില്‍ പെട്ടത്. 158 പേര്‍ അന്നത്തെ അപടത്തില്‍ മരിച്ചു. വിമാനം പൂര്‍ണമായും കത്തി നശിച്ചത് കൊണ്ടു തന്നെ 15 പേരുടെ മൃതദേഹാവിശിഷ്ടങ്ങള്‍ പോലും കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. മലയാളികള്‍ 58 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 97 ശതമാനവും കാസര്‍ഗോഡ് ജില്ലക്കാരായിരുന്നു. സംഭവം നടന്ന അന്നു തന്നെ എയര്‍ഇന്ത്യ 10 ലക്ഷവും കേരള സര്‍ക്കാര്‍ 30,2000 രൂപയും, കേന്ദ്രം 2 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ചില നൂലാമാല കുരുക്കഴിച്ചാല്‍ പ്രഥമിക ഘട്ടത്തില്‍ തന്നെ എയര്‍ഇന്ത്യയും ഇരുസര്‍ക്കാറുകളും പ്രഖ്യാപിച്ച തുക ലഭിച്ചു. എന്നാല്‍ മോണ്‍ട്രിയാല്‍ ഉടമ്പടി പ്രകാരം ഇന്‍ഷൂറന്‍സ് വഴി ഇരകള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ തുക ഇവര്‍ക്ക് ലഭിച്ചില്ല.
ഇതിനു വേണ്ടി വര്‍ഷങ്ങളോളമാണ് കുടുംബങ്ങള്‍ കോടതി കയറി ഇറങ്ങിയത്. എയര്‍ഇന്ത്യയെ പ്രതിനിധീകരിച്ച് മുംബൈയില്‍ നിന്നും കോടതിയിലെത്തുന്ന ഭീമന്‍ അഭിഭാഷകര്‍ക്ക് മുന്നില്‍ ഇരകളുടെ വാദങ്ങള്‍ നിഷ്പ്രഭമാവുകയായിരുന്നു. ഇന്‍ഷൂറന്‍സ് പ്രകാരം ആറു മാസം കൊണ്ട് ഒരു കോടി രൂപ വരെ ലഭിക്കുമെന്നാണ് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പാട്ടേല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാറുകള്‍ക്ക് പോലും ഇടപെടാന്‍ സാധിക്കാത്ത വിധമാണ് എയര്‍ഇന്ത്യ അധികൃതര്‍ കോടതിയില്‍ ന്യായങ്ങള്‍ നിരത്തിയത്. അവസാനം വിധി വന്നപ്പോള്‍ പലവിധത്തിലാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തപ്പോള്‍ എയര്‍ഇന്ത്യ അപ്പീലിനു പോയി അവര്‍ക്ക് അനുകൂല വിധി സമ്പാദിച്ചു. അവസാനം എയര്‍ഇന്ത്യക്കെതിരെ സുപ്രിം കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് കുളമ്പ ആരിക്കാടിയില്‍ സലാമിനുണ്ടായത്.
തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പുത്രനെയാണ് മുകരനാല്‍പുത്തൂരിലെ അബൂബക്കറിനും ഖദീജക്കും നഷ്ടപ്പെട്ടിരുന്നത്. കീഴൂരിലെ ഉമേശന്റെ ഭാര്യ പ്രമീളക്ക് നഷ്ടപ്പട്ടിരുന്ന് തന്റെ മൂന്ന് മക്കളുടെ അച്ഛനെയാണ്. ഇങ്ങനെ വലിയ സ്വപ്‌നങ്ങളുമായി കടല്‍ കടന്ന നിരവധി പേരുടെ കുടുംബങ്ങളാണ് എയര്‍ഇന്ത്യയെ പോലെയുള്ള ഭീമന്‍മാരുടെ വാദങ്ങള്‍ മുന്നില്‍ തകര്‍ന്നടിഞ്ഞ് തുച്ഛമായ നഷ്ടപരിഹാരവുമായി മടങ്ങിയത്. ഉറ്റവരെ തിരുച്ചുകിട്ടാത്ത വിധം നഷ്ടപ്പെട്ടെങ്കിലും നഷ്ടപരിഹാരം കൊണ്ടെങ്കിലും ജീവിതം തള്ളി നീക്കാമെന്ന് ആഗ്രഹിച്ചവര്‍ക്ക് നിരവധി തവണ കോടതി കയറി ഇറങ്ങേണ്ടി വന്നു എന്നല്ലാതെ നിരാശ മാത്രമായിരുന്നു ബാക്കി. ്അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ല എന്നുമാത്രമല്ല ആശ്രതിതര്‍ക്ക് ജോലി നല്‍കുമെന്ന കാര്യത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ.
ഈ ഒരവസ്ഥ കരിപ്പൂരിലെ ദുരന്തത്തിലകപ്പെട്ടവര്‍ക്കുണ്ടാവരുതേയെന്നാണ് കേരളത്തിന്റെ പ്രാര്‍ത്ഥന. നാല് കുട്ടികളടക്കം 18 പേരാണ് സംഭവ സ്ഥലത്തു വെച്ചും വിവിധ ആസ്പത്രികളിലൂമായി മരിച്ചത്. 14 പേര്‍ ഇനിയും അപകട നിലതരണം ചെയ്തിട്ടില്ല. ഇവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാറുകള്‍ ശ്രമിക്കണം. ദുരന്തത്തില്‍ അകപ്പെട്ടവര്‍ മുഴുവന്‍ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ജീവിതം നഷ്ടമായവരും പരുക്കേറ്റവരുമാണ്. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ജോലിയും നല്‍കിയില്ലെങ്കില്‍ രാജ്യം അവരോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാവും.

SHARE