കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തിലെന്ന് മുഖ്യമന്ത്രി; അമ്പരന്ന് നാട്ടുകാര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തിലാണെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദുരന്തപ്രദേശത്ത് എവിടെയും കാണാതിരുന്ന മന്ത്രിയുടെ പേരില്‍ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് ചാര്‍ത്തിയത്. ദുരന്തം നടക്കുമ്പോള്‍ മന്ത്രി തൃശൂരിലായിരുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിയായ കെ.ടി ജലീല്‍ തിരുവനന്തപുരത്തായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യാവസാനം നേതൃത്വം നേതൃത്വം കൊടുത്ത യുഡിഎഫ് ജനപ്രതിനിധികളെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല.

വിമാനാപകടം നടന്ന് 10 മിനിറ്റിനകം അവിടേക്ക് കുതിച്ചെത്തിയ കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹീം രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ശനിയാഴ്ച പകലും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ എംഎല്‍എ സജീവമായി രംഗത്തുണ്ട്. അപകടം നടന്ന അരമണിക്കൂറിനകം പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, എം.കെ രാഘവന്‍ എംപി തുടങ്ങിയവര്‍ എയര്‍പോര്‍ട്ടിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കിയിരുന്നു. കോഴിക്കോട്ട് വിവിധ ആശുപത്രികളിലെത്തിച്ചവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ അര്‍ധരാത്രിയിലും സജീവമായി രംഗത്തുണ്ടായിരുന്നു. ശനിയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നേതൃത്വം നല്‍കിയത് യുഡിഎഫ് ജനപ്രതിനിധികളാണ്.

ഇവരെയൊന്നും കുറിച്ച് ഒരക്ഷരം പറയാത്ത മുഖ്യമന്ത്രി എ.സി മൊയ്തീനാണ് എല്ലാം ചെയ്തത് എന്ന പ്രസ്താവനയിലൂടെ ശുദ്ധരാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. ദുരന്തസമയത്ത് രാഷ്ട്രീയം നോക്കരുതെന്ന് ഗീര്‍വാണം പറയുന്ന മുഖ്യമന്ത്രി തന്നെ പരസ്യപ്രസ്താവനയിലൂടെ രാഷ്ട്രീയം ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ഒളിയജണ്ടകളാണ് വെളിപ്പെടുന്നത്.

SHARE