കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടികൊണ്ടുപോയി കവര്‍ച്ച

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടികൊണ്ടുപോയി കൊള്ളയിടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് അജ്ഞാതര്‍ കവര്‍ച്ചയ്ക്കിരയാക്കിയത്. സ്വര്‍ണം അധികമായി കയ്യിലുണ്ടെന്ന് കരുതിയാണ് തട്ടികൊണ്ടുപോയതെന്നും ആളുമാറിയതറിഞ്ഞതോടെ കൈയിലുള്ളതെല്ലാം തട്ടിയെടുത്ത് വിട്ടയച്ചെന്നും ഷംസാദ് പറഞ്ഞു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഷാര്‍ജയില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനാണ് കൊള്ളസംഘത്തിന്റെ അക്രമത്തിന് ഇരയായത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ക്രൂയിസര്‍ ജീപ്പിലും ബൈക്കിലുമായി കവര്‍ച്ചാ സംഘം പിന്തുടര്‍ന്നെത്തുകയായിരുന്നു. പിന്നീട് കൊണ്ടോട്ടിക്കടുത്ത് വച്ച് വാഹനം തടഞ്ഞ് മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച് അക്രമിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് കൊള്ള നടത്തിയ സംഘം കണ്ണുമൂടിക്കെട്ടി കടലുണ്ടിപുഴയുടെ തീരത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ച് കൈയിലുണ്ടായിരുന്ന പഴ്‌സും, രേഖകളും ലഗേജും കൊള്ളസംഘം കൈക്കലാക്കിയതായി യാത്രക്കാരന്‍ പൊലീസിനെ അറിയിച്ചു. സ്വര്‍ണം എവിടെ എന്നു ചോദിച്ചായിരുന്നു അതിക്രൂര മര്‍ദനമെന്നാണ് വിവരം.

മണിക്കൂറുകള്‍ നീണ്ട അതിക്രൂര മര്‍ദനമുറകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശക്കടുത്ത് ചെട്ടിയാര്‍മാടില്‍ ഇറക്കി വിടുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നവരെ പിന്തുടര്‍ന്ന് കൊള്ളയടിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

SHARE