കരിപ്പൂര്‍ വിമാനാപകടം; ലാന്‍ഡിങ് സമയത്തെ ‘അശ്രദ്ധ’; കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് പൊലീസ്

മലപ്പുറം: കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന് കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. കരിപ്പൂര്‍ സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന് സമര്‍പ്പിച്ചു.

ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്. വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

അപകടകാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതും അന്വേഷണ പരിധിയില്‍ വരും. അപകടസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്.അഡീഷനല്‍ എസ്പി ജി. സാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ്പി കെ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഎസ്പി എ. ഹേമലത, സിഐമാരായ പി. ഷിബു (കരിപ്പൂര്‍), കെ.എം. ബിജു (കൊണ്ടോട്ടി), അനീഷ് പി. ചാക്കോ (വേങ്ങര), എസ്‌ഐമാരായ കെ. നൗഫല്‍ (കരിപ്പൂര്‍), വിനോദ് വല്യത്ത് (കൊണ്ടോട്ടി) എന്നിവര്‍ സംഘത്തിലുണ്ടാകും.

SHARE