നിഴല്‍ യുദ്ധം വേണ്ട സഖാക്കളേ തോറ്റുപോകും;ഒരു ആംബുലന്‍സ് പോലും ഓടിക്കാന്‍ കഴിയാത്തവരാണ് നിങ്ങള്‍

കാസറഗോഡ് ജില്ലയില്‍ ആദ്യമായി ഒരു രാഷ്ട്രീയ പ്രസ്ഥാനം, അതിന്റെ യൂണിറ്റ് കമ്മിറ്റി ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നത് ഞങ്ങളാണ്. 8 വര്‍ഷം മുന്‍പ്.
കുണിയ ശാഖ മുസ്ലിം യൂത്ത് ലീഗ്.
അതിന് കീഴില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ശിഹാബ് തങ്ങളുടെ പേരില്‍ ഒരു ട്രസ്റ്റ് രൂപികരിച്ചു. ആ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയിരുന്നു ഞാന്‍. അടുത്ത കാലം വരെ. കണ്‍വീനര്‍ ശറഫുദ്ധീന്‍ കുണിയയും.

സൗജന്യ ആംബുലന്‍സ് സര്‍വീസ്, മരുന്ന് വിതരണം, ചികിത്സ സഹായം, ഓക്‌സിജന്‍ മെഷീന്‍…
അങ്ങനെ പോകുന്നു ആ സേവനങ്ങള്‍.
ഒന്നിനും ദേശമോ ഭാഷയോ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാറില്ല. ആരുടേയും ശുപാര്‍ശക്കും കാത്ത് നില്‍ക്കാറുമില്ല.
ഗതികേട് കൊണ്ട് കൈ നീട്ടേണ്ടി വന്നുപോയവന്റെ ആത്മാഭിമാനത്തിനു ഇന്ന് വരെ ഒരു ഫോട്ടോ കൊണ്ട് പോലും വില പറഞ്ഞിട്ടില്ല ഞങ്ങള്‍. അത്രമേല്‍ അന്യന്റെ അഭിമാനത്തിന് വില കല്പ്പിച്ചു തന്നെയാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസം ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സ് ല്‍ നിന്നും ഹാന്‍സ് പോലുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയ വാര്‍ത്തയാണ് ഈ കുറിപ്പ് എഴുതാന്‍ കാരണവും.

ഞങ്ങള്‍ ആംബുലന്‍സ് വാങ്ങിയ സമയത്ത് ഡ്രൈവര്‍ക്ക് വേണ്ടി പത്ര പരസ്യം നല്‍കി. ഒരുപാട് ആളുകള്‍ വന്നു. ലീഗ് ഓഫീസില്‍ ഇന്റര്‍വ്യൂ നടന്നു.
ഓരോരുത്തരോടായി കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുത്തു. ലക്ഷ്യങ്ങളെ കുറിച്ചും രീതികളെ കുറിച്ചും.
ഏറ്റവും പ്രധാനം ഇതൊരു കച്ചവടമല്ല. സേവനമാണ്. പതിവ് മാമൂല്‍ ആയ ‘ചായ പൈസ’ ചോദിക്കരുത് എന്നല്ല.
അതിന് വേണ്ടി കാത്ത് നില്‍ക്കുക പോലും ചെയ്യരുത് എന്നാണ്. അങ്ങനെ നീണ്ടു ഞങ്ങളുടെ ഡിമാന്റുകള്‍.

അനുഭവ സമ്പത്തുള്ള ഒരുപാട് ആംബുലന്‍സ് ഡ്രൈവര്‍മാരും ആ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ചിലര്‍ ഞങ്ങളുടെ വ്യവസ്ഥ ഉള്‍കൊള്ളാന്‍ കഴിയാത്തത് കൊണ്ട് നിന്നില്ല. ഓരോരുത്തരോടും പ്രതീക്ഷിക്കുന്ന ശമ്പളം ചോദിച്ചപ്പോള്‍ അതിലൊരാള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
‘ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തന്നാല്‍ മതി ‘ ആ മറുപടിയും അതിന്റെ പിന്നിലെ അന്വേഷണവും ഞങ്ങളെ എത്തിച്ചത് സ്വകാര്യ ആശുപതികള്‍ നടത്തുന്ന കൊള്ളയും കമ്മിഷന്‍ വ്യവസ്ഥയിലേക്കുമാണ്.
പല തവണ ഞാന്‍ തന്നെ ഇതിനെക്കുറിച്ചു FB ല്‍ എഴുതിയിട്ടുണ്ട്. ആവര്‍ത്തിക്കുന്നില്ല.
അഭിമുഖം കഴിഞ്ഞു, ഓരോരുത്തരുടെയും നാട്ടില്‍ ചെന്ന് ബാക്ക്ഗ്രൗണ്ട് അന്വേഷിച്ചു. ആരിലും പൂര്‍ണ തൃപ്തി ആവാത്തത് കൊണ്ട് ഡ്രൈവറെ നിയമിച്ചില്ല.

താല്‍ക്കാലികമായി ഞങ്ങള്‍ തന്നെ പരിഹാരം കണ്ടെത്തി. ഞങ്ങള്‍ കുണിയയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ലിസ്റ്റുണ്ടാക്കി..
ഓരോരുത്തരും ഓരോ ദിവസം ആ സേവന വണ്ടിയുടെ വളയം പിടിച്ചു. ഞാനും എത്രയോ ദിവസം ഞങ്ങളുടെ ആംബുലന്‍സില്‍ ഡ്രൈവറുടെ ജോലി ചെയ്തിട്ടുണ്ട്.
ലൈറ്റിട്ട്, സൈറണ്‍ മുഴക്കി എത്രയോ തവണ കാഞ്ഞങ്ങാട് നിന്നും കാസറഗോഡ് നിന്നും മംഗലാപുരം ലക്ഷ്യമാക്കി മരണപാച്ചില്‍ നടത്തിയിട്ടുണ്ട്.
ഞാന്‍ മാത്രമല്ല, ഞങ്ങള്‍ യൂത്ത് ലീഗിന്റെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആഴ്ചയില്‍ ഒരു ദിവസം ഇതിന് വേണ്ടി മാറ്റി വെച്ചിരുന്നു.

പല പാതിരാത്രിയിലും വീട്ടില്‍ നിന്നിറങ്ങി ഓടിയിട്ടുണ്ട്. നെഞ്ചില്‍ മുഖം വെച്ചു കിടന്നിരുന്ന പിഞ്ചു മോളേ അടര്‍ത്തിമാറ്റിയിട്ട്. ഓരോ ആംബുലന്‍സ് ഡ്രൈവറുടെയും ജീവിതം ഇത് തന്നെയാണ്. ചിലര്‍ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സുകളില്‍ കിടന്നുറങ്ങുന്നു. ആംബുലന്‍സ് ഡ്രൈവര്‍്മാരെല്ലാം അവഹേളിക്കപ്പെടേണ്ടവരല്ല. നന്മ മരങ്ങളുമല്ല. എല്ലാറ്റിലുമെന്ന ഈ മേഖലയിലും വൃത്തികേടുകള്‍ കൂടപ്പിറപ്പായവുണ്ടാകാം.

കുറച്ചു കാലം കഴിഞ്ഞപ്പോഴാണ് ഉദുമ സ്വദേശി ഹസ്സന്‍ ദേളി ഞങ്ങളുടെ ആംബുലന്‍സില്‍ ഡ്രൈവറായി എത്തുന്നത്.
ഹസ്സന്‍ അതിന് മുന്‍പ് മറ്റൊരു ആംബുലന്‍സിലും ജോലി ചെയ്തിട്ടില്ല.
പല തവണ പിഞ്ചു കുഞ്ഞിനെ അടക്കമുള്ള രോഗികളെ റെക്കോര്‍ഡ് വേഗതയില്‍ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തും എറണാകുളത്തും എത്തിച്ചു ചരിതം രചിച്ച അതേ ഹസ്സന്‍ ദേളി തന്നെ.
കുണിയയില്‍ ബസ് മറിഞ്ഞു മരണം നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ പേരും ഊരും അറിയാത്ത സ്ത്രീയെ ബില്ലിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്ന പേടി കൊണ്ട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രി ചികിലസിക്കാതിരുന്നപ്പോള്‍ ഞങ്ങളുടെ ആംബുലന്‍സിന്റെ ഞഇ ബുക്ക് കൊണ്ടു പോയി പണയമയി നല്‍കി ചികില്‍സിക്കാന്‍ ആവശ്യപ്പെട്ട അതേ ഹസ്സന്‍ ദേളി.
അതേ ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സ്.

ഒരിക്കല്‍ പെട്ടന്ന് ഹസ്സന്‍ വിളിക്കുന്നു. മംഗലാപുരത്ത് നിന്ന് വരുന്ന വഴി ആംബുലന്‍സ് പോലീസ് പിടിച്ചു സ്‌റ്റേഷനില്‍ കൊണ്ടിട്ടിരിക്കുന്നു.
എന്താണ് പ്രശ്‌നം. വണ്ടിയില്‍ കള്ളകടത്ത് നടത്തുന്നുണ്ട് എന്ന് ആരോ വിളിച്ചു പറഞ്ഞു.
ആംബുലന്‍സില്‍ ഒരു പെട്ടിട്ടുണ്ടായിരുന്നു.

സംഭവം ഇങ്ങനെ.:
ഹസ്സന്‍ പാതിരാത്രി ഒരു രോഗിയെയും കൊണ്ട് മംഗലാപുരം ആശുപത്രിയില്‍ പോകുന്നു.
പുലര്‍ച്ചെ തിരിച്ചു വരാനൊരുങ്ങുമ്പോഴാണ് നാട്ടുകാരനായ പരിചയക്കാരനെ കാണുന്നത്.
പരിചയക്കാരന്റെ പിതാവ് ആശുപത്രിയില്‍ ആണ്. അയാള്‍ നേരെ വിമാനമിറങ്ങി ടാക്‌സി പിടിച്ചു എയര്‍പോര്‍ട്ടില്‍ നിന്നും ആശുപത്രിയിലേക്കുള്ള വരവാണ്. ടാക്‌സി ഇറങ്ങുമ്പോഴാണ് പരിചയക്കാരനെ ഹസ്സന്‍ കണ്ടത്. അവര്‍ സംസാരിച്ചു. ടാക്‌സിയില്‍ നിന്ന് അയാളുടെ പെട്ടി ആംബുലന്‍സ്ല്‍ വെച്ചു.
ഇനി അയാള്‍ ആ പെട്ടിയും തൂക്കി പിടിച്ചു ബസ്സില്‍ വരണ്ടല്ലോ എന്ന് കരുതി ചെയ്ത ഉപകാരമാണ്. ഹസ്സന്‍ വീട്ടില്‍ പോകുമ്പോള്‍ പരിചയക്കാരന്റെ വീട്ടില്‍ കൊടുക്കാം എന്ന് പറഞ്ഞു ഏറ്റെടുത്താണ്.
ഇത് കണ്ടു നിന്ന ഏതോ ലീഗ് വിരോധി മംഗലാപുരത്തു നിന്നും പോലീസില്‍ വിളിച്ചു വിവരമറിയിക്കുന്നു. കുമ്പള പോലീസ് പിന്തുടര്‍ന്ന് വന്നു പിടിക്കുന്നു. വണ്ടിയില്‍ ആരുമില്ല. ഹസ്സനും ഒരു പെട്ടിയും മാത്രം. വിദേശത്ത് നിന്നും കൊണ്ടു വന്ന പെട്ടി. ഇതിലപ്പുറവും വേണ്ടല്ലോ. പെട്ടിയുടെ താക്കോലും കയ്യിലില്ല. പോലീസിന് കിട്ടിയ വിവരം വെച്ചിട്ട് കാര്യങ്ങള്‍ ശരിയാണ്. കുണിയയിലെ ആംബുലന്‍സില്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന പെട്ടി കടത്തുന്നു.
ആംബുലസും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സത്യമാണെന്നു ബോധ്യം വന്നത് കൊണ്ടാവും, പോലീസ് കൃത്യമായി അന്വേഷിക്കാനുള്ള സന്മനസ്സ് കാണിച്ചു. പിതാവിനൊപ്പം മംഗലാപുരം ആശുപത്രിയില്‍ ഉണ്ടായിരുന്ന ആളെ വിളിച്ചു വരുത്തി പെട്ടി തുറന്നു ബോധ്യം വന്നതോടെ ആംബുലന്‍സും ഡ്രൈവറും മോചിപ്പിക്കപ്പെട്ടു. അഞ്ചാറു വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്.
അന്നു മുതല്‍ മംഗലാപുരമായാലും കോഴിക്കോട് ആയാലും ശരി, മൃതദേഹം കൊണ്ടു വരാന്‍ പോയാല്‍ മൃതദേഹത്തിനൊപ്പം അനുഗമിച്ചു വരുന്നവരുടെ ലഗേജ് മറ്റേതെങ്കിലും വണ്ടി ഇല്ലാത്ത സാഹചര്യത്തില്‍ അല്ലാതെ ആംബുലന്‍സില്‍ കയറ്റാറില്ല എന്നതാണ്.

ഏതാനും ദിവസം മുന്‍പ് കാഞ്ഞങ്ങാട്ടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ബകവ്വായി എഴുതിയ ഒരു കുറിപ്പ് വായിച്ചു കാണുമല്ലോ. ആ നല്ല വാക്കുകള്‍ ഞങ്ങളുടെ ആംബുലന്‍സിനെ കുറിച്ചായിരുന്നു. അതിന്റെ വളയം പിടിക്കുന്ന മുഹമ്മദ് റാഷിദ്, സംശീര്‍ എന്നിവരെ കുറിച്ചായിരുന്നു.
അതും ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സാണ്. അതിന്റെ െ്രെഡവര്‍മാരാണ്.

ഒരാഴ്ച മുന്‍പ് ഒരു പരിചയമുള്ള ഒരു dyfi നേതാവ് വിളിച്ചു. Rcc ല്‍ നിന്നുള്ള മരുന്ന് എത്തിക്കാന്‍ വഴിയുണ്ടോ എന്നറിയാന്‍. അവിടെ ഒരാളെ ഏല്‍പ്പിക്കാന്‍ പറഞ്ഞു. ഏല്പിച്ചു. രണ്ട് ദിവസം കൊണ്ട് ആ മരുന്ന് ആംബുലന്‍സുകള്‍ കൈ മാറി കൈമാറി അവസാനം ഞങ്ങളുടെ ആംബുലന്‍സിന്റെ റാഷിദ് എന്റെ കയ്യില്‍ എത്തിച്ചു.
ഞാന്‍ അത് dyfi നേതാവിനെ ഏല്പിച്ചു.
കിട്ടിയ രോഗിക്ക് അതൊരു വല്യ കാര്യമാണ്. ഞങ്ങളെ സംബന്ധിച്ചു കുറച്ചു ഫോണ്‍ കോളുകള്‍, ഇച്ചിരി സമയം.അത്രയേ ചിലവുണ്ടായിരുന്നുള്ളു.
ഞാന്‍ റ്യളശ നേതാവിനെ സംശയിച്ചില്ല.
എന്നെ റാഷിദ് സംശയിച്ചില്ല.
റാഷിദിനെ കോഴിക്കോട്ടെ ഡ്രൈവര്‍ അവിശ്വസിച്ചില്ല. അങ്ങനെ അങ്ങനെ തിരുവനന്തപുരം വരെയുള്ള ഒരു വിശ്വാസത്തിന്റെ കണ്ണികളുടെ കൂട്ടായ്മയായിരുന്നു ആ മരുന്ന്.
എന്നോട് ആവശ്യപ്പെട്ട ആ ഒരൊറ്റ dyfi നേതാവായ സുഹൃത്ത് വിചാരിച്ചിരുന്നെങ്കില്‍ ഞാന്‍ അടക്കമുള്ള പല ലീഗ് പ്രവര്‍ത്തകരും ശിഹാബ് തങ്ങളുടെ പേരിലുള്ള പല ആംബുലന്‍സുകളും അകത്തു ആയേനേ..
ഒരു ചതി. ആളുകളുടെ മുന്നില്‍ മോശമാക്കാന്‍, കൊട്ടിഘോഷിക്കാന്‍ ഇത്രയേ വേണ്ടൂ..

ഒരു കാര്യമുണ്ട്.
ഏതെങ്കിലും ഡ്രൈവര്‍ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം. അതില്‍ സംശയത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ആനുകൂല്യം അവര്‍ അര്‍ഹിക്കുന്നില്ല. ആരുടേയും സംരക്ഷണവും അവര്‍ അര്‍ഹിക്കുന്നില്ല. ലീഗ് പ്രവര്‍ത്തകര്‍ ആണെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും ജോലിയില്‍ നിന്നും പുറത്താക്കണം.
ആരെങ്കിലും ചതിയിലൂടെ അവരെ പെടുത്തിയതാണ് എങ്കില്‍ അതിന്റെ തിരക്കഥ രചിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ എത്തണം.അവര്‍ പ്രതി ചേര്‍ക്കപ്പെടണം. അവരും ശിക്ഷിക്കപ്പെടണം. പോലീസിന്റെ മുന്നിലും ഈ ഉത്തരവാദിത്വം ബാക്കിയുണ്ട്.

ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ഓരോ കമ്മിറ്റികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഞാന്‍ ആദ്യം സൂചിപ്പിച്ച, ശമ്പളം ഇല്ലാതെ ജോലി ചെയ്യാന്‍ തയ്യാറാവുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അജണ്ടകള്‍ തിരിച്ചറിയണം. ഒരു സഖാവ് ഒരു സഹായം ചോദിച്ചാല്‍ അതിന്റെ വശങ്ങള്‍ കൂടി ചിന്തിച്ചു മാത്രം ചെയ്യുക. ചതിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പ് വരുത്തണം.

പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഒരു പോലീസ് സ്‌റ്റേഷനില്‍ ചെങ്കൊടി കോണകമാക്കിയ ഒരുത്തന്‍ ഉണ്ടായാല്‍ മതി, യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോപ്പി അടിച്ചു psc പരീക്ഷ എഴുതി പോലീസ് റാങ്ക് ലിസ്റ്റില്‍ തിരുകി കയറ്റിയ കുട്ടിസഖാക്കളെപ്പോലെ ഒരുത്തന്‍. അവര്‍ ലീഗെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ക്യാമറ ഓണ്‍ ചെയ്തു വെക്കും. സ്വാഭാവികം.
അത് പകര്‍ത്തി cpm നേതാക്കള്‍ക്ക് അയച്ചു കൊടുക്കും. കാസരഗോടിന്റെ വടക്കുള്ള പുഴയെയും ഇരുട്ടിനെയും ആശ്രയിച്ചു വയറു നിറക്കുന്ന ചില ഏരിയ സെക്രട്ടറി അപ്പോള്‍ തന്നെ അത് FB ല്‍ പോസ്റ്റ് ചെയ്യും.
അത് അവരെ പാര്‍ട്ടി ഏല്പിച്ച പണിയാണ്.
അത് അവര്‍ ചെയ്യുന്നു എന്ന് മാത്രം. ഏത് പട്ടിയും യജമാനനോട് സ്‌നേഹം കാണിക്കുമല്ലോ. അങ്ങനെ വാലാട്ടുന്ന പഴയ SFI ക്കാരന്‍ ആ പണി മനോഹരമായി ചെയ്തുവെന്ന് മാത്രം.
ഈ കോലാഹലങ്ങള്‍ക്കിടയില്‍ പെട്ടു പോകുന്ന പാവം ചില സത്യസന്ധരായ പോലീസുകാരുണ്ട്. സത്യം മനസ്സിലായിട്ടും, മനസാക്ഷി അനുവദിക്കാതിരിക്കുമ്പോഴും വിരട്ടലിന്റെ ഭാഗമായി അനീതിക്കൊപ്പം നില്‍ക്കേണ്ടി വരുന്നവര്‍. സഖാക്കളാല്‍ ഹൈജാക്ക് ചെയ്യപെടുന്നവര്‍.
അവരെ ഹൃദയം കൊണ്ട് സല്യൂട്ട് ചെയ്യുന്നു.

ഇതൊക്കെ കണ്ട് പതറാനുള്ളതല്ല നമ്മുടെ സേവനപ്രവര്‍ത്തനങ്ങള്‍..
ഒരു കണക്കിന് നല്ലതിനാണ് പോലീസ് നടപടി എന്നാണ് ഞാന്‍ കരുതുന്നത്.
ഇത്തരം സംഭവങ്ങള്‍ നമ്മെ ചില പാഠങ്ങള്‍ പഠിപ്പിക്കും.
സഹാനുഭൂതിയും അനുകമ്പയും കാണിക്കുമ്പോള്‍ തന്നെയും ജാഗ്രതകൂടി ഉണ്ടാകണം എന്ന പാഠം.
ആത്മ സുഹൃത്തിന്റെ കൈവശം ഗള്‍ഫിലേക്ക് പറയാതെ മയക്കുമരുന്ന് കൊടുത്തു വിട്ട് പിടിക്കപ്പെട്ടു ഗള്‍ഫിലെ ജയിലില്‍ കഴിയുന്ന നിരപരാധി കാസര്‌ഗോട്ടുകാരനാണ്. ഭാഗ്യം കൊണ്ട് പൊതി തുറന്നു നോക്കി രക്ഷപ്പെട്ടതും മറ്റെവിടെയുമല്ല. കാസറകോട്ടാണ്. ചതിക്കാന്‍ എളുപ്പമാണ്. അത് ഏത് കാലമായാലും.

ആശയം കൊണ്ടല്ലാതെ ,ആമാശയം കൊണ്ട് cpm ഏരിയ സെക്രെട്ടറിമാരായ ചിലരുണ്ട് കാസറഗോഡ് ജില്ലയില്‍. മണല്‍ മാഫിയക്ക് വേണ്ടിയും, കഞ്ചാവ് ടീമിനും വേണ്ടി ഓടി നടക്കുന്നവര്‍.
ഇതുപോലൊരു സംഭവത്തിന്റെ പേരില്‍ മുഴുവന്‍ ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സ് സര്‍വീസുകളും മോശമാണെന്നു പേന ഉന്തുന്ന തിമിരം പിടിച്ച സഖാക്കളുണ്ട്.
പഴയ ഒരു സിനിമ ഡയലോഗ് ഓര്‍ക്കുന്നത് നിങ്ങള്‍ക്കും നന്ന്.
‘ചാവാന്‍ ഒരുത്തന്‍ തുനിഞ്ഞിറങ്ങിയാല്‍ ഒരുത്തനെ കൊല്ലാന്‍ ഒരു പ്രയാസവും ഇല്ല.’
, ഇത് പോലെ ചതിക്കാന്‍ ഞങ്ങളും തുനിഞ്ഞിറങ്ങിയാല്‍ നിങ്ങളെയും കുറ്റവാളിയാക്കാം. അപമാനിക്കാം. കൊട്ടിഘോഷിക്കാം. ആഘോഷമാക്കാം

ആയിരം ബൈത്തുറഹ്മകള്‍ നാം പണിയുമ്പോള്‍ ഒരു പട്ടിക്കൂട് പോലും പണിതു കൊടുക്കാന്‍ കഴിയാത്തര്‍ക്ക് ,
നൂറു കണക്കിന് ആംബുലന്‍സുകള്‍ പ്രിയ നേതാവിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തി നൊമ്പരങ്ങള്‍ പേറുന്നവരെയും കൊണ്ട് തലങ്ങും വിലങ്ങും ഓടുമ്പോള്‍,
വഴിയരികിലെ ഒരു സ്തൂപത്തില്‍ മാത്രം മണ്‍ മറഞ്ഞ നേതാവിനെ ജീവിപ്പിക്കുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാവുക സ്വാഭാവികം..

നമുക്ക് വേണ്ടി നിറഞ്ഞ കണ്ണുകളുമായി പ്രാര്‍ഥിക്കുന്നവര്‍ മാത്രമല്ല, ഒരുപക്ഷേ, അതിലേറെ കഴുകന്റെ കണ്ണുമായി, കുറുക്കന്റെ കൗശലവുമായി നമ്മളെ തളര്‍ത്താന്‍ 4 ഭാഗത്തും ആളുകള്‍ ഉണ്ടെന്ന ബോധ്യവും കരുതലും സൂക്ഷ്മതയും നമുക്ക് ഉണ്ടാവണം

ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ഡ്രൈവര്‍ കുറ്റക്കാരനാണ് എങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. പാര്‍ട്ടിക്കാരനാണെങ്കില്‍ പാര്‍ട്ടി നടപടിയും എടുക്കട്ടെ. ഗൂഡാലോചന ഉണ്ടെങ്കില്‍ അത് തെളിയിക്കപ്പെടട്ടെ. അതിന്റെ പേരില്‍ ശിഹാബ് തങ്ങളുടെ പേരിലുള്ള ഈ സംരംഭത്തെ അവസാനിപ്പിച്ചു കളയാമെന്ന തോന്നലുണ്ടെങ്കില്‍ അതൊരു സഖാവിന്റെ ഇന്ത്യന്‍ പ്രധാനമന്തി പദം ആഗ്രഹിക്കുന്നത് പോലുള്ള അതിമോഹമാണ്.
കാസറഗോഡ് ജില്ലയില്‍ ഒരു ആംബുലന്‍സ് എങ്കിലും നിങ്ങള്‍ സൗജന്യമായി ഓടിച്ചു കാണിക്കൂ സഖാക്കളെ .
നാട്ടുകാര്‍ക്ക് മൊത്തം സേവനം ചെയ്യണമെന്നില്ല.
ചുരുങ്ങിയത് രുാ കാരായ രോഗികള്‍ക്ക് വേണ്ടിയെങ്കിലും.
എന്നിട്ട് ആവാം ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സിനോടുള്ള നിങ്ങളുടെ നിഴല്‍ യുദ്ധം. നിങ്ങള്‍ ജയിക്കില്ല സഖാക്കളേ.. നിങ്ങളുടെ നിഴലിനോട് പോലും.

SHARE