കര്‍ണ്ണാടക: ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്..

കര്‍ണാടക രാഷ്ട്രീയം സുപ്രീംകോടതിയിലും മറ്റും കയറിയ സ്ഥിതിക്ക് ഇനിയുള്ളത് ചില സാധ്യതകള്‍ മാത്രമാണ്. നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവര്‍ 16. ഇവരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഭയിലെ അംഗബലം 208 ആകും. പിന്നീട് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 105 പേരുടെ പിന്തുണ. ഇപ്പോള്‍ 107 അംഗങ്ങള്‍ ബിജെപിക്കൊപ്പം ഉണ്ട്. കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം 101 പേരുമാകും. ഇതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി പുറത്തേക്ക് പോകും. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരിക്കും പിന്നീട് കര്‍ണ്ണാടകയില്‍ നടക്കുക.
നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താം. വിപ്പ് ലംഘിക്കുന്ന വിമതരെ കൂറുമാറ്റ നിരോധനിയമ പ്രകാരം അയോഗ്യരാക്കാം. ഇത് പുതിയ നിയമയുദ്ധത്തിന് വഴിവെക്കുന്നതുമായിരിക്കും.

സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരിക. ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നില്‍ ഹാജരാക്കുകയുമാകാം. കുമാരസ്വാമി രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുകയും സാധ്യതയാണ്. വിമതരെ കൂടി ഉള്‍പ്പെടുത്തി പുതിയ മന്ത്രിസഭയുണ്ടാക്കാം. പക്ഷേ ഇതിന് വിമതര്‍ തയാറാകണം. അല്ലെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയോ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താം. ഗവര്‍ണര്‍ക്ക് ഇതിനായി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാം. എന്നാലിതിന് സാധ്യത വളരെ കുറവാണ്. സര്‍ക്കാര്‍ താഴെ വീണാല്‍ ബദല്‍ സര്‍ക്കാരുണ്ടാക്കാതെ ബിജെപി മാറി നില്‍ക്കാം. ഇങ്ങനെയെങ്കില്‍ കര്‍ണ്ണാടകയില്‍ ആറുമാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു സാധ്യതയുണ്ട്. ഇതിനെല്ലാം പുറമെ നിയമസഭ തന്നെ പിരിച്ചുവിടാന്‍ കുമാരസ്വാമിക്ക് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാനാകും. ഇത് സ്വീകരിക്കണമോ എന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്.