കറാച്ചി വിമാനാപകടം; 97 ജീവനുകള്‍ പൊലിഞ്ഞു; രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


ലാഹോര്‍: കറാച്ചിയില്‍ ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 97 പേര്‍ മരിച്ചപ്പോള്‍ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് ആണ് രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാള്‍. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് അബ്ദുര്‍ റഷീദ് ചന്ന പറഞ്ഞു.

” എല്ലായിടത്തും തീയായിരുന്നു. എല്ലാവരും അലറുകയായിരന്നു, ഞാന്‍ എന്റെ സീറ്റ്‌ബെല്‍റ്റ് അഴിച്ചു, വെളിച്ചത്തിന് നേരെ എഴുന്നേറ്റു” – അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് സുബൈര്‍ പറഞ്ഞു. സഫര്‍ മസൂദും മുഹമ്മദ് സുബൈറും മാത്രമാണ് 99 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ എട്ട് പേര്‍ ജീവനക്കാരാണ്. അപകടത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 11 നാട്ടുകാര്‍ക്കും പരിക്കേറ്റു. തകര്‍ന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

പല തവണ ഇറങ്ങാന്‍ റണ്‍വേകള്‍ ഒഴിവുണ്ടെന്ന് കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പറഞ്ഞെങ്കിലും എഞ്ചിനുകള്‍ കേടാണെന്നും, ഇറങ്ങാനാകുന്നില്ലെന്നുമുള്ള സന്ദേശമാണ് ലഭിച്ചത്. ഏറ്റവുമൊടുവില്‍ ‘മെയ് ഡേ മെയ് ഡേ’, എന്ന അപകടസൂചന നല്‍കുന്ന സന്ദേശത്തോടെ ആശയവിനിമയം ഇല്ലാതായി.

15 വര്‍ഷം പഴക്കമുള്ള എയര്‍ബസ് എ-320 വിമാനം ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പറന്ന ആഭ്യന്തരവിമാനമായിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് പാകിസ്ഥാന്‍ വ്യോമഗതാഗതം പുനരാരംഭിച്ചത്.

SHARE