ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു; തിരിച്ചറിവുവന്നതോടെ അതില്‍നിന്ന് മാറി; കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: കോളജില്‍ പഠിക്കുന്ന കാലംവരെ ആര്‍എസ്എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. എന്നാല്‍ തിരിച്ചറിവ് വന്നതോടെ പാര്‍ട്ടിവിട്ടു പോന്നെന്നും അദ്ദേഹം പറഞ്ഞു.

കോളജില്‍ പഠിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍എസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവരുടേ ദേശം സങ്കല്‍പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്എസില്‍ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസില്‍നിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചത്. എന്നാല്‍ ഇപ്പോള്‍ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് വിയോജിച്ചാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ രാജിവെക്കുന്നത്. അദ്ദേഹത്തിന്റെ രാജി വലിയ വിവാദമായി.

കേരളത്തില്‍ പ്രളയസമയത്ത് കണ്ണന്‍ ഗോപിനാഥന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. പൗരത്വനിയമ ഭേദഗതിക്കെതിരെയും ശക്തമായ നിലപാടാണ് കണ്ണന്‍ ഗോപിനാഥന്‍ സ്വീകരിച്ചത്. പ്രത്യക്ഷ സമരത്തില്‍ അദ്ദേഹം പങ്കെടുത്തതിനെ തുടര്‍ന്ന് മുംബൈ, ആഗ്ര എന്നിവിടങ്ങളില്‍ നിന്നും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

SHARE