ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്ന ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു; രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്ന ടി.വി ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നു, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പൗരന്മാരെ തടവിലാക്കുന്നു, രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ഇങ്ങനെയാണോ മോദി മാറ്റം കൊണ്ടുവരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ട്വിറ്ററിലായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശം. ‘തങ്ങളുടെ വിമര്‍ശകര്‍ ആഗ്രഹിക്കാത്ത, സ്ഥിതിഗതികള്‍ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് മോദി പറയുന്നത്. മോദി ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്ന ടിവി ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നു, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പൗരന്മാരെ തടവിലാക്കുന്നു. ഡല്‍ഹി കത്തുമ്പോള്‍ നിശബ്ദത പാലിക്കുന്നു. ജനങ്ങളെ നിശബ്ദരാക്കാന്‍ ദേശവിരുദ്ധ നിയമം ഉപയോഗിക്കുന്നു. സ്ഥിതിഗതികള്‍ മാറുന്നുവോ?’ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 6 രാത്രി 7.30 മുതല്‍ മാര്‍ച്ച് 8 രാത്രി 7.30 വരെയായിരുന്നു ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തൂരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് കേന്ദ്രം പിന്‍വലിക്കുകയായിരുന്നു.

SHARE