എന്റെ വലതുഭാഗത്ത് കാണുന്നത് അറബിക്കടലാണെങ്കില്‍ അതിന്റെ ആഴങ്ങളിലേക്ക് ഈ സി.എ.എ പിച്ചിച്ചീന്തി വലിച്ചെറിയുന്നതുവരെ എനിക്കു വിശ്രമമില്ല: കപില്‍ സിബല്‍

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ് നടത്തിയ മലബാര്‍ മേഖലാ ബഹുജന റാലി വന്‍ വിജയമായി. ജനലക്ഷങ്ങളാണ് റാലിയിലും തുടര്‍ന്നു നടന്ന പൊതുയോഗത്തിലും പങ്കെടുത്തത്.

പരിപാടിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രൂക്ഷമായി പ്രതികരിച്ചു. നിയമ ഭേദഗതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കള്ളമാണ് പറഞ്ഞു പരത്തുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന ഒന്നാണെന്നും മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നു കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ വലതുഭാഗത്ത് കാണുന്നത് അറബിക്കടലാണെങ്കില്‍ ഈ പൗരത്വ നിയമ ഭേദഗതി പിച്ചിച്ചീന്തിക്കളഞ്ഞ് അതിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയുമെന്നും അതുവരെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍.പി.ആര്‍, അസമിലെ പൗരത്വ പട്ടിക എന്നിവക്കെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡോ.എം.കെ മുനീര്‍, മലബാറില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

SHARE