ട്രംപിന്റെ കണ്ണില്‍ നോക്കാമായിരുന്നില്ലേ? എവിടെ 56 ഇഞ്ചിന്റെ നെഞ്ച്- മോദിയോട് കപില്‍ സിബല്‍

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു വഴങ്ങി മരുന്നുകള്‍ കയറ്റി അയയ്ക്കാന്‍ സമ്മതിച്ച തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സബില്‍. ഇപ്പോള്‍ എവിടെയാണ് മോദിയുടെ 56 ഇഞ്ചിന്റെ നെഞ്ചെന്ന് സിബല്‍ ചോദിച്ചു. ട്വിറ്ററിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
‘ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് യു.പി.എയ്ക്ക് നല്‍കിയ ഉപദേശം ഇപ്പോള്‍ ഓര്‍ക്കുന്നു. അവരുടെ കണ്ണില്‍ നോക്കൂ എന്നായിരുന്നു അത്. ഇതായിരുന്നില്ലേ ട്രംപിന്റെ കണ്ണില്‍ നോക്കാനുള്ള സമയം. അദ്ദേഹം ഭീഷണിപ്പെടുത്തി. നിങ്ങള്‍ നല്‍കി. എവിടെയാണ് അമ്പത്തിയാറ് ഇഞ്ചിന്റെ നെഞ്ച്’ – അദ്ദേഹം ചോദിച്ചു.


തിരിച്ചടി നേരിടുമെന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റ ഭീഷണിക്ക് പിന്നാലെയാണ് വിവിധ മരുന്നുകളുടെ കയറ്റുമതി നിരോധം മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്. 24 മരുന്നുകളുടെ കയറ്റുമതി നിരോധമാണ് എടുത്തു കളഞ്ഞത്. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയിരുന്നത്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്നിന്റെ കയറ്റുമതി നിരോധിച്ചിരുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സി ക്ലോറോക്വിനാണ് ഉപയോഗിക്കുന്നത്.
തീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തു വന്നിരുന്നു. ‘കൂട്ടുകാര്‍ക്കിടയില്‍ പ്രതികാരം തോന്നുമോ, ഇന്ത്യ എല്ലാവരേയും സഹായിക്കണം എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കണം’ – എന്നായിരുന്നു രാഹുല്‍ അഭിപ്രായപ്പെട്ടത്.