ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഹിന്ദു സമുദായത്തില്‍പെട്ട ഇരകള്‍ക്ക് 71ലക്ഷം സഹായം നല്‍കാനൊരുങ്ങി കലാപത്തിന് തുടക്കമിട്ട പരാമര്‍ശം നടത്തിയ കപില്‍മിശ്ര. ട്വിറ്ററിലൂടെയാണ് കപില്‍മിശ്രയുടെ ആഹ്വാനം. ഞായറാഴ്ച്ചയാണ് കപില്‍മിശ്ര ഈ ആവശ്യവുമായി രംഗത്തുവന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ക്രൗഡ് കാഷ് ഡോട്ട് കോം’ എന്ന വെബ്സൈറ്റിലൂടെ നടത്തിയ സഹായാവശ്യം 71 ലക്ഷം തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടകം 71,00,496 ലക്ഷം സമാഹരിച്ചതായാണ് വെബ്സൈറ്റ് രേഖപ്പെടുത്തുന്നത്. ‘കലാപത്തില്‍പെട്ട ഹിന്ദു സമുദായത്തിലെ ഇരകള്‍ക്ക് സഹായം നല്‍കലാണ് ലക്ഷ്യമെന്ന് വെബ്സൈറ്റ് വിശദീകരിക്കുന്നു. ഏറ്റവും കൂടുതല്‍ തുകയായി 1,11,111രൂപ സമാഹരിച്ചതായും ഇതിനോടകം 3969 പേര് പണം സമാഹരിച്ച് പിന്തുണ നല്‍കിയതായും വെബ്സൈറ്റ് വിശദീകരിക്കുന്നു. നാലിന് മുകളില്‍ പേര് ഒരു ലക്ഷം രൂപ നല്‍കിയതായി വെബ്സൈറ്റ് രേഖപ്പെടുത്തുന്നു.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം ഉണ്ടായി. ഡല്‍ഹി കലാപത്തെക്കുറിച്ചു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്നു ലോക്സഭ നിര്‍ത്തിവെച്ചു പിരിഞ്ഞു. ഫെബ്രുവരി 28 ന് അന്തരിച്ച ബീഹാറിലെ വാല്മീകി നഗറില്‍ നിന്നുള്ള ജെഡിയു എംപി ബൈദ്യനാഥ് പ്രസാദ് മഹ്തോയെ അനുസ്മരിച്ച ശേഷം സഭ ഉച്ചകഴിഞ്ഞ് 2 മണിയിലേക്ക് മാറ്റിവെച്ചു.
എന്നാല്‍, അമിത് ഷാ രാജി വയ്ക്കണം എന്നു ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാരയ അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, ഹൈബി ഈഡന് ഉള്‍പ്പെടെയുള്ള എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്പില് ധര്‍ണ നടത്തുകയായിരുന്നു. അമിത് ഷാ രാജിവയ്ക്കുക എന്ന ബാനറുമേന്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം നടന്നത്.