ജാഫറാബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാവില്ലെന്ന് ഉറപ്പായി: വീണ്ടും കപില്‍ മിശ്ര

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത ബി.ജെ.പി നേതാവ് കപില്‍ മിശ്ര വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ജാഫറാബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായി കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ജാഫറാബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്ന കപില്‍ മിശ്രയുടെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് ജാഫറാബാദിലെ പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്. ഷഹീന്‍ബാഗ് മാതൃകയില്‍ ജാഫറാബാദില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ ശനിയാഴ്ചയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ആര്‍.എസ്.എസ് ആസൂത്രിതമായി ഭേദഗതിയെ അനുകൂലിക്കുന്നവരെന്ന പേരില്‍ സംഘടിച്ച് മുസ്‌ലിങ്ങളെ ആക്രമിക്കുകയായിരുന്നു. വളരെ ആസൂത്രിതമായി ആയുധങ്ങള്‍ സംഭരിച്ച് പൊലീസ് അനുമതിയോടെയായിരുന്നു ആര്‍.എസ്.എസ് മുസ്‌ലിം വംശഹത്യ നടപ്പാക്കാനിറങ്ങിയത്.

അക്രമത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിട്ടും ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

SHARE