മലപ്പുറത്ത് വന്‍ പ്രതിഷേധ റാലി;ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കാന്‍ അനുവദിക്കില്ലെന്ന് കാന്തപുരം

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ മുസ്‌ലികളുടെ അസ്തിത്വം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തെ അനുവദിക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കാന്തപുരം വിഭാഗം എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു മതരാഷ്ട്രമല്ല. അതിനാല്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ പൗരത്വം നല്‍കേണ്ടത്. ജനാധിപത്യത്തില്‍നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ നാം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം സംബന്ധിച്ച ഒരു നിയമനിര്‍മാണത്തിന് മുസ്ലിം അല്ലാതിരിക്കുക എന്നത് മാനദണ്ഡമാക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. മുസ്‌ലിംകളുടെ വേരറുക്കുന്ന ഔദ്യോഗിക രേഖയായി ഈ നിയമം മാറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുനരാലോചന നടത്തണം അദ്ദേഹം പറഞ്ഞു.

സയ്യിദ് അലി ബാഫഖി തങ്ങള്‍ ,സയ്യിദ് ത്വാഹാ തങ്ങള്‍ അധ്യക്ഷനായി. ഇ. സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ഇ.എന്‍ മോഹന്‍ദാസ്, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സി.കെ റാഷിദ് ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എ.പി മുഹമ്മദ് അബ്ദുല്‍കരീം അസ്ഹരി, അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല, മുഹമ്മദ് പറവൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം.എം ഇബ്‌റാഹിം, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍ സംസാരിച്ചു.