700 വര്‍ഷത്തിന് ശേഷം സെവിയ്യയില്‍ ആദ്യത്തെ മസ്ജിദ് ഉയരുന്നു; 10 ലക്ഷം യു.എസ് ഡോളര്‍ സമാഹരിച്ച് പ്രീമിയര്‍ലീഗ് താരം

ലണ്ടന്‍: സ്‌പെയിനിലെ സെവിയ്യ നഗരത്തില്‍ നിര്‍മിക്കുന്ന മസ്ജിനും സാംസ്‌കാരിക സമുച്ചയത്തിനുമായി പത്ത് ലക്ഷം യു.എസ് ഡോളര്‍ സമാഹരിച്ച് മുന്‍ ഫുട്‌ബോള്‍ താരം ഫ്രഡറിക് ഒമര്‍ കനൗട്ട്. ആഗോള ക്യാംപയിനിലൂടെയാണ് മുന്‍ ടോട്ടന്‍ഹാം ഹോസ്ട്‌സ്പര്‍, സെവ്വിയ്യ താരമായ കനൗട്ട് പണം കണ്ടെത്തിയത്. 2019ല്‍ ലോഞ്ച്ഗുഡ് എന്ന പേരിലാണ് കനൗട്ട് ക്യാംപയിന്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനകമാണ് ഇത്രയും തുക സമാഹരിക്കാനായത്.

ഏഴു നൂറ്റാണ്ടിന് ശേഷമാണ് സെവിയ്യയില്‍ ഒരു പള്ളി ഉയരുന്നത് എന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പള്ളിക്കൊപ്പം ഇസ്‌ലാമിക സാംസ്‌കാരിക സമുച്ചയം കൂടി ഒരുങ്ങുന്നുണ്ട്. ഏകദേശം എണ്ണൂറു വര്‍ഷത്തോളമായി സെവിയ്യയില്‍ ഇത്തരത്തില്‍ ഒരു മസ്ജിദ് നിര്‍മിക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ല എന്ന് സെവിയ്യ യൂണിവേഴ്‌സിറ്റിയിലെ അറബ് ഇസ്‌ലാമിക് സ്റ്റഡീസ് അംഗം ഒഗ്ല ടോറസ് പറയുന്നു.

ഏകദേശം 13.1 ദശലക്ഷം യു.എസ് ഡോളറാണ് പദ്ധതിയുടെ ചെലവ്. ഇതിനായി കഴിഞ്ഞ വര്‍ഷമാണ് കനൗട്ട് സെവിയ്യ മോസ്‌ക് ഫൗണ്ടേഷന് ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ‘ഈ നഗരത്തില്‍ (സെവിയ്യ) ഞാന്‍ എത്തിയ കാലത്ത് ഒരു പള്ളി കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു. അതിനായി ജനങ്ങളോട് ചോദിക്കേണ്ടി വന്നു’- ഇരുപതുകളില്‍ ഇസ്‌ലാം ആശ്ലേഷിച്ച കനൗട്ട് അല്‍ ജസീറയോട് പറഞ്ഞു.

സ്‌പെയിനില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് സെവിയ്യ. രാജ്യത്തെ 20 ലക്ഷം മുസ്‌ലിംകളില്‍ മുപ്പതിനായിരം പേരാണ് ഇവിടെ വസിക്കുന്നത്. അല്‍ജീരിയ, മൊറോക്കോ, സെനഗല്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരുടെ രണ്ടാം തലമുറയാണ് പ്രധാനമായും ഇപ്പോള്‍ നഗരത്തിലുള്ളത്.

2007ല്‍ കരാര്‍ കാലാവധി കഴിയാനായ ഒരു നമസ്‌കാര സ്ഥലം കനൗട്ട് വിലക്കുവാങ്ങി പ്രാര്‍ത്ഥനയ്ക്കായി നല്‍കിയിരുന്നു. ഒരു താല്‍ക്കാലിക മസ്ജിദായി ഇപ്പോഴും അത് നഗരത്തിലുണ്ട്.

‘സെവിയ്യയില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹം. ഫുട്‌ബോളര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു നല്ല വ്യക്തി എന്ന നിലയിലും അദ്ദേഹം ആദരിക്കപ്പെടുന്നു. അദ്ദേഹത്തെ പോലെ ഒരാള്‍ നമുക്കടുത്ത് ഉണ്ട് എങ്കില്‍ എന്താണ് നമ്മള്‍ ചെയ്യുന്നത് വിശദീകരിക്കേണ്ട കാര്യമല്ല’ – മസ്ജിദ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഇബ്രാഹിം ഹെര്‍ണാണ്ടസ് പറഞ്ഞു. പള്ളിക്കു പുറമേ, സ്പാനിഷ് കലകള്‍, ആരോഗ്യ ക്ലിനിക്, അറബിക്-ഖുര്‍ആന്‍ പഠനം തുടങ്ങി വിവിധ പദ്ധതികളും സമുച്ചയത്തില്‍ സജ്ജീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007ലെ ആഫ്രിക്കന്‍ ഫുട്‌ബോളറാണ് മാലിക്കാരനായ കനൗട്ട്. രണ്ടു തവണ യുവേഫ കപ്പും ഒരു തവണ സ്പാനിഷ് കപ്പും നേടിയ ടീമില്‍ അംഗമായിരുന്നിട്ടുണ്ട്. സെവിയ്യയ്ക്ക് വേണ്ടി 209 കളികളില്‍ ബൂട്ട് കെട്ടിയിട്ടുള്ള താരം 89 ഗോളുകളും നേടിയിട്ടുണ്ട്. വാറ്റ്‌ഫോഡിന്റെ അബ്ദുലയെ ഡോകോറെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെഞ്ചമിന്‍ മെന്‍ഡി, മുന്‍ ആഴ്‌സണല്‍ താരം അബു ദിയാബി തുടങ്ങിയവര്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.