കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് എഫ്.ഐ.ആര്‍; ബാബുവിനെ വെട്ടിയത് പത്തംഗസംഘവും, ഷിമോജിനെ എട്ടംഗ സംഘവും വെട്ടിയെന്ന് പൊലീസ്

കണ്ണൂര്‍: മാഹിയില്‍ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകത്തിലെന്ന് എഫ്.ഐ.ആര്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നിരുന്നു. ബാബുവിന്റെ കൊലക്കു പിന്നില്‍ പത്തംഗസംഘമാണെന്ന് മാഹി എസ്.ഐ. ബി വിബല്‍കുമാര്‍ പറഞ്ഞു. ബാബുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപണം. മാഹി പള്ളൂരില്‍വെച്ചാണ് ബാബുവിന് വെട്ടേറ്റത്. ബാബുവിന് വെട്ടേറ്റതിന് പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷിമോജും വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ഷിമോജിന്റെ കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘമാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ആരും അറസ്റ്റിലായതായി വിവരമില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.