സിപിഎം നേതാവ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

കണ്ണൂര്‍: സിപിഎം പേരാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഏരിയാ സമ്മേളന പ്രതിനിധിയും ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സിറാജ് പൂക്കോത്ത് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ബാല സംഘത്തിലൂടെ പാര്‍ട്ടിയിലെത്തുകയും എസ്എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും വളരുകയും ചെയ്ത താന്‍ സിപിഎമ്മിന്റെയും നേതാക്കളുടെയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിശ്വാസപരമായും ആശയപരമായും സിപിഎമ്മുമായി യോജിച്ചുപോകാനാവാത്ത സാഹചര്യത്തില്‍ തന്റെ നിലപാടുകളുമായി കൂടുതല്‍ പൊരുത്തമുള്ള പാര്‍ട്ടി മുസ്‌ലിം ലീഗാണെന്ന തിരിച്ചറിവാണ് മുസ്‌ലിം ലീഗില്‍ ചേരാന്‍ കാരണമെന്നും പരസ്യമായി ന്യൂനപക്ഷ ക്ഷേമം പറയുകയും രഹസ്യമായി മത ന്യൂനപക്ഷങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും സിറാജ് വ്യക്തമാക്കി. പേരാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ടൗണ്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സിറാജ് ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് മെംബര്‍ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് നല്‍കിയ ശേഷമാണ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സിറാജ് പൂക്കോത്തിനെ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ അബ്ദുള്‍ കരീം ചേലേരി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇന്ന് രാവിലെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന മുസ്‌ലിം ലീഗ് പ്രതിഷേധക്കൂട്ടായ്മയില്‍ വച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് സിറാജിന് അംഗത്വം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സിറാജിന്റെ രാജിയോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ഒരിക്കല്‍കൂടി വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറിമാരായ അന്‍സാരി തില്ലങ്കേരി, അഡ്വ. കെ മുഹമ്മദലി, പേരാവൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കാസിം ചാവശേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

SHARE