കണ്ണൂരില്‍ ഒന്നര വയസുകാരന്റെ കൊലപാതകം; പിന്നില്‍ മാതാവ്, കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍

കണ്ണൂരില്‍ ഒന്നര വയസ്സുകാരന്റെ മരണത്തില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ അറസ്റ്റില്‍. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഈ വൈരുദ്ധ്യങ്ങളാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്ക് പിന്നിലുണ്ടായ ശക്തമായ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരണ്യയും കാമുകനും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ ഒഴിവാക്കി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു കാമുകന്റെ വാഗ്ദാനം. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിച്ചു. കുട്ടിയുടെ തലക്ക് പിന്നിലടിച്ച് കൊന്ന ശേഷം കടല്‍ത്തീരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

നേരത്തെ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന് പറഞ്ഞിരുന്നു. കൊന്ന ശരണ്യയുടെ ബന്ധുവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

ഒന്നര വയസ്സുള്ള കുട്ടിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാതാവുകയായിരുന്നു. വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്നു പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണു കടല്‍ക്കരയോടു ചേര്‍ന്ന പാറക്കൂട്ടത്തിനുള്ളില്‍ തല കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

SHARE