ആറ് മാസമായി നാട്ടില്‍; 40 ലക്ഷത്തിന് വിമാനം വാടകക്കെടുത്ത് മലയാളി വ്യവസായി ഖത്തറിലേക്ക് മടങ്ങുന്നു

കണ്ണൂര്‍: കോവിഡ് മൂലം ആറ് മാസമായി നാട്ടില്‍ തുടരുന്ന പ്രവാസി വ്യവസായി വിമാനം വാടകക്കെടുത്ത് ഖത്തറിലേക്ക് മടങ്ങുന്നു. പ്രമുഖ വ്യവസായി ഡോ. എം.പി.ഹസന്‍ കുഞ്ഞിയാണ് വിമാനം ‘വിളിച്ച്’ ഖത്തറിലേക്കു പോകുന്നത്. ഈ മാസം 14ന് രാവിലെ 11.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പ്രൈവറ്റ് എയര്‍ ജെറ്റ് (ചാലഞ്ചര്‍ 605) വിമാനത്തില്‍ ഖത്തറിലേക്കു പോകുന്നത്. 40 ലക്ഷം രൂപയോളമാണു ചെലവ്. പ്രൈവറ്റ് ജെറ്റുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും അതുവഴി കൂടുതല്‍ വരുമാന സാധ്യതയുണ്ടെന്നു തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഡയറക്ടര്‍ കൂടിയായ ഹസന്‍ കുഞ്ഞി പറയുന്നു. ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും മറ്റു രാജ്യങ്ങളില്‍ നിന്ന് ചെറിയ പ്രൈവറ്റ് ജെറ്റുകളില്‍ ആളുകള്‍ക്ക് എത്താന്‍ കഴിയും. ഖത്തറില്‍ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരില്‍ നിന്നു യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസന്‍ കുഞ്ഞി.

അദ്ദേഹത്തിനു പോകാന്‍ 12 സീറ്റുള്ള വിമാനമാണ് ഖത്തറില്‍ നിന്ന് യാത്രക്കാരില്ലാതെ എത്തുക. അതില്‍ തിരിച്ചു പോകുന്നത് അദ്ദേഹവും ഭാര്യ സുഹറാബിയും മാത്രം. ജെറ്റ് ക്രാഫ്റ്റിന്റെതാണു വിമാനം.മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന മെഡ്‌ടെക് കോര്‍പറേഷന്‍ ചെയര്‍മാനാണ് കണ്ണൂര്‍ താണയില്‍ താമസിക്കുന്ന ഹസന്‍ കുഞ്ഞി. ഖത്തര്‍, യുഎഇ, ഇന്ത്യ എന്നിവിടങ്ങളില്‍ വിതരണ ശൃംഖലയുണ്ട്. ലോജിസ്റ്റിക്‌സ് രംഗത്തുള്ള ഫ്രൈറ്റെക്‌സ് ലോജിസ്റ്റിക്‌സ്, ഫാഷന്‍ രംഗത്തുള്ള പ്ലാനറ്റ് ഫാഷന്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള എച്ച്.കെ.ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെയും ചെയര്‍മാനാണ്.

ഇതിനു പുറമേ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാമില്‍ട്ടന്‍ ഇന്റര്‍നാഷനല്‍, പവര്‍മാന്‍ ഇന്റര്‍നാഷനല്‍, ഹോളിപോപ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ ഗ്രൂപ്പ് ചെയര്‍മാനുമാണ്. കൊച്ചിന്‍ മെഡിക്കല്‍ സിറ്റിയുടെ എംഡി, അസറ്റ് ഹോംസ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 44 വര്‍ഷമായി ഖത്തറില്‍ വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തുകയാണ് ഹസന്‍ കുഞ്ഞി. മെഡിക്കല്‍ ടൂറിസത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്.മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി ദോഹ ചാപ്റ്റര്‍ പ്രസിഡന്റ്, ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ്, കണ്ണൂര്‍ ജെംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് പൂര്‍വ വിദ്യാര്‍ഥി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

SHARE