മോശം ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; നിയമനടപടിക്കൊരുങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ

മമ്പാട്: സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആലപ്പുഴ പുന്നമടക്കായലില്‍ ബോട്ടുയാത്ര നടത്തിയതിന്റെ പേരില്‍ മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയക്ക് നേരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപം. തന്റെ ചിത്രങ്ങളെന്ന വ്യാജേന നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റുഖിയ അറിയിച്ചു.

കയര്‍ കേരള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു റുഖിയയും സംഘവും ആലപ്പുഴയിലെത്തുന്നത്. വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദും മറ്റും രണ്ട് അംഗങ്ങളും ഉണ്ടായിരുന്നു. ഈ മാസം ഏഴിനായിരുന്നു പരിപാടി. പരിപാടിക്കിടെ നാല് ഉദ്യോഗസ്ഥര്‍ക്കൊപ്പം നടത്തിയ ബോട്ടുയാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റുഖിയയുടേത് എന്ന പേരില്‍ നഗ്നചിത്രങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പ്രചാരണം. ചിത്രങ്ങള്‍ക്കൊപ്പം വ്യക്തിപരമായ അധിക്ഷേപങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ നഗ്നചിത്രത്തിലുള്ളത് റുഖിയ അല്ലെന്ന് അറിയാമെങ്കിലും മറുഭാഗത്ത് പ്രചാരണം ഇപ്പോഴും തുടരുകയാണ്. അപമാനഭാരം മൂലം പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് താനെന്ന് റുഖിയ മാധ്യമങ്ങളോടു പറഞ്ഞു. തനിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം, സി.പി.ഐ.എം സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജു വഴിയാണ് റുഖിയക്കുനേരെ അധിക്ഷേപങ്ങള്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇത് നിഷേധിച്ച് പ്രാദേശിക സി.പി.എം പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

SHARE